തിരുവനന്തപുരം: ‘ഗാഢനിദ്ര’ വില്ലനായപ്പോൾ പണിയായത്‌ ഫയർഫോഴ്‌സിന്. പേട്ട കാർത്തിക തീയേറ്റർ റോഡിലെ വീട്ടിലാണ്‌ വീട്ടുകാരെയും അഗ്നിശമന സേനാംഗങ്ങളെയും കുറച്ചുനേരത്തേക്ക്‌ പരിഭ്രാന്തിയിലാക്കിയ സംഭവമുണ്ടായത്‌. ഗൃഹനാഥനും ഭാര്യയും പുറത്തുപോയി വന്നപ്പോൾ വീട്ടിലുണ്ടായിരുന്ന അമ്മാവൻ കതക്‌ തുറന്നില്ല. ഏറെ നേരം വിളിച്ചിട്ടും പ്രതികരണമില്ല. ഇതോടെ ചാക്ക ഫയർഫോഴ്‌സിൽ വിളിച്ചു. ഇവിടെ നിന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തി വാതിൽ തകർത്ത്‌ അകത്ത്‌ കയറിയപ്പോൾ അമ്മാൻ സുഖനിദ്ര. തട്ടിവിളിച്ചപ്പോൾ ആൾ എഴുന്നേറ്റു. മറ്റുപ്രശ്‌നങ്ങളില്ലെന്ന്‌ ഉറപ്പാക്കി ഫയർഫോഴ്‌സ്‌ ടീം സ്‌റ്റേഷനിലേക്ക്‌ മടങ്ങി.