ഫറോക്ക്: സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ റോഡിലെ ഡ്രൈനേജ് നിർമ്മാണത്തിനായി മുറിച്ച മരങ്ങൾ ഗ്രൗണ്ടിൽ. ഫറോക്ക് ചന്തയിലെ ജി.എം.യു.പി. സ്‌കൂൾ ഗ്രൗണ്ടിലാണ് പാഴ്‌മരത്തിന്റെ കൊമ്പുകളും തടികളും കിടക്കുന്നത്. മതിൽ പൊളിച്ച കല്ലുകളും ഗ്രൗണ്ടിലുള്ളതിനാൽ ശുചീകരണം വഴിമുട്ടി നിൽക്കുകയാണ്.
വെള്ളം കെട്ടി നിന്ന് പുല്ലു വളർന്ന നിലയിലാണ് സ്‌കൂൾ ഗ്രൗണ്ട്. പുല്ലു നീക്കം ചെയ്യുന്ന പണിതുടങ്ങിയെങ്കിലും ശുചീകരണം നടത്താൻ കഴിയാത്ത സ്ഥിതിയാണ്. നഗരസഭയെ വിവരം അറിയിച്ചതായി ഹെഡ്മാമാസ്റ്റർ രമേഷ് കാവിൽ പറഞ്ഞു. സ്‌കൂൾ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നില സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞ് അപകടനിലയിലാണ്. മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് കട്ടകൾ പൊട്ടിവീണു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിവിടെ ക്ലാസുകൾ നടത്തുന്നില്ല. റോഡിൽ ഡ്രൈനേജ് നിർമ്മിച്ചെങ്കിലും സ്ലാബിട്ട് മൂടാത്തതും കുട്ടികളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണ്. ഇപ്പോൾ 545 കുട്ടികളും 21 അദ്ധ്യാപകരുമാണ് സ്‌കൂളിലുള്ളത്. നഗരസഭയുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.