award

തിരുവനന്തപുരം: ലോകോത്തര ഫോട്ടോഗ്രഫി പുരസ്കാരത്തിന്റെ പടിവാതിൽക്കലാണ്, കാമറ കണ്ണിലൂടെ ദൃശ്യചാരുതയുടെ അതിമോഹന ഫ്രെയിമുകൾ പകർത്തിയ തിരുവനന്തപുരം സ്വദേശി ആലേഖ് അജയഘോഷ് (34) ഏറ്റവും മികച്ച കാമറകൾ നിർമ്മിക്കുന്ന സ്വീഡനിലെ ഹാസ്സൽ ബ്ളാഡ് ഏർപ്പെടുത്തിയ 'ഹാസ്സൽ ബ്ളാഡ് മാസ്റ്റേഴ്സ് 'പുരസ്കാരത്തിന് വേണ്ടിയുള്ള മത്സരത്തിൽ അവസാന പട്ടികയിലെ പത്തുപേരിൽ ഒരാളാണ് ആലേഖ്. കമ്പനിയുടെ ഏറ്റവും വിലയുള്ള കാമറയാണ് സമ്മാനം. 40 ലക്ഷം വരെ വിലയുള്ള ഹാസ്സൽ ബ്ളാഡ് കാമറയുണ്ട്.

1969ൽ ചന്ദ്രനിൽ ആദ്യമായി പാദമൂന്നിയ സാക്ഷാൽ ആംസ്ട്രോംഗ് ചന്ദ്രോപരിതലത്തിന്റെ ദൃശ്യങ്ങൾ ഹാസ്സൽ ബ്ളാഡിൽ പകർത്തിയാണ് ലോകത്തെ കാണിച്ചത്.

ഫാഷൻ-വാണിജ്യ ഫോട്ടോഗ്രഫി രംഗത്ത് പ്രവർത്തിക്കുന്ന ഡൽഹി സ്വദേശി തരുൺഖിവാൽ മാത്രമാണ് ഇന്ത്യയിൽ നിന്ന് ഇതിന് മുമ്പ് ഈ മത്സരത്തിൽ വിജയിയായിട്ടുള്ളത്. 12 ഇനങ്ങളിലാണ് മത്സരം. ഇതിൽ 'ബ്യൂട്ടി ആൻഡ് ഫാഷൻ' വിഭാഗത്തിലാണ് ആലേഖ് മത്സരിച്ചത്. നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ ഭാവങ്ങൾ പൊടിപടലത്തിന്റെ പശ്ചാത്തലത്തിൽ ഒപ്പിയെടുത്തതാണ്. വായുവിന്റെയും ചുറ്റും പ്രസരിക്കുന്ന ഊർജ്ജത്തിന്റെയും സാന്നിദ്ധ്യം അനുഭവവേദ്യമാക്കുന്ന ഫ്രെയിം. തെലുങ്ക് ചലച്ചിത്ര നടി പാർവതി അരുണാണ് മോഡൽ.

ഹാസ്സൽ ബ്ളാഡിന്റെ വെബ്സൈറ്രിൽ ഉൾപ്പെടുത്തിയിട്ടുള്ള അവസാനറൗണ്ടുകാരുടെ ചിത്രങ്ങൾക്ക് ലോകത്തെമ്പാടുമുള്ളവർക്ക് ഓൺലൈനായി വോട്ടു ചെയ്യാം. വോട്ടിന്റെയും ഗ്രാൻഡ് ജൂറി തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാവും വിജയിയെ നിശ്ചയിക്കുക. ഒക്ടോബർ 31ന് വോട്ടിംഗ് അവസാനിക്കും. നവംബർ അവസാനത്തോടെ മത്സര ഫലം വരും.

 ശില്പ നിർമ്മാണത്തിൽ നിന്ന്

തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്ന് അപ്ളൈഡ് ആർട്സിൽ ബിരുദം നേടിയ ആലേഖിന് പഠനകാലത്താണ് ഫോട്ടോഗ്രഫി കമ്പം കയറുന്നത്. അഹമ്മദബാദിലെ നാഷണൽ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് ഡിസൈനിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി പരസ്യമേഖലയിൽ പ്രവർത്തിക്കുന്നു. ജർമ്മനി, ലണ്ടൻ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുമായി ഫോട്ടോ പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. വി.എസ്.എസ്.സിയിൽ എൻജിനിയറായിരുന്ന അച്ഛൻ പി.എൻ. അജയഘോഷ് ഒരു വർഷം മുമ്പ് മരണമടഞ്ഞു. അമ്മ ടി.ആർ. ഗീത. ജുലേഖാണ് സഹോദരൻ. തിരുവനന്തപുരം ശാസ്തമംഗംലം സി.എസ്.എം നഗറിൽ (84-1) ഗീതാഞ്ജലിയിൽ താമസം.