kk

രക്ഷാപ്രവർത്തനം എന്ന് കേൾക്കുമ്പോൾ അഗ‌്നിബാധ ഉണ്ടാകുന്നിടത്ത് മാത്രം നടത്തുന്ന പ്രവർത്തനം എന്നാണ് പഴയകാലത്ത് പൊതുവെ മനസിലാക്കിയിരുന്നത്. ഇന്ന് വെള്ളപ്പൊക്കം എല്ലാ വർഷവും പതിവാകുമ്പോൾ രക്ഷാപ്രവർത്തനം എന്ന് കേട്ടാൽ പ്രളയഭൂമിയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന പ്രവർത്തനം എന്നായി മാറിയിരിക്കുന്നു. എവിടെ അത്യാഹിതമുണ്ടായാലും ആദ്യം ഓടിയെത്തുക സമീപപ്രദേശത്തുള്ള സാധാരണക്കാരായ നാട്ടുകാരായിരിക്കും. മിക്കവാറും അതു കഴിഞ്ഞാവും പ്രത്യേക പരിശീലനം ലഭിച്ച ദുരന്ത നിവാരണ അംഗങ്ങളും മറ്റും എത്തുക. പരിശീലനം ലഭിക്കാത്ത നാട്ടുകാർ നടത്തുന്ന രക്ഷാപ്രവർത്തനത്തിന് അതിന്റേതായ പരിമിതി ഉണ്ടായിരിക്കും. അതേസമയം നാട്ടുകാർക്ക് മുഴുവൻ പരിശീലനം നൽകുക എന്നത് പ്രായോഗികവുമല്ല. എന്നാൽ നമ്മുടെ വിദ്യാഭ്യാസ സിലബസിൽ രക്ഷാപ്രവർത്തനം സംബന്ധിച്ച പരിശീലന മാർഗങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ വരും തലമുറയെങ്കിലും ഇതിൽ പരിശീലനം നേടിയവരായി തീരും.

കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഫയർ ആൻഡ് റെസ്‌ക്യൂ ബോധവത്‌കരണത്തിന്റെ ജില്ലാതല സമ്മേളനം രക്ഷാപ്രവർത്തനത്തിന് ആവശ്യമായ പരിശീലനം സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണമെന്ന ഈ കാലഘട്ടത്തിന് ഏറ്റവും ആവശ്യമായ ഒരു നിർദ്ദേശം മുന്നോട്ടുവയ്ക്കുകയുണ്ടായി. സമ്മേളനം ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഈ നിർദ്ദേശം വളരെ പ്രാധാന്യമുള്ളതാണെന്നും ഇത് സിലബസിൽ ഉൾപ്പെടുത്താൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല പ്രകൃതിദുരന്തം ഉൾപ്പെടെയുള്ളവ നേരിടേണ്ടത് എങ്ങനെയാണെന്ന് വിദ്യാർത്ഥിസമൂഹം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമായ ആവശ്യമാണെന്നും മന്ത്രി എടുത്തുപറഞ്ഞു. അതിനാൽ ഇക്കാര്യത്തിൽ വേണ്ട തുടർനടപടികൾ താമസംവിനാ മന്ത്രിയിൽനിന്ന് ഉണ്ടാകുമെന്ന് തീർച്ചയായും പ്രതീക്ഷിക്കാം. എന്നാൽ ഫയർ ആൻഡ് റെസ്‌ക്യൂ പ്രവർത്തനത്തിന് ആവശ്യമായ പരിശീലനം സ്‌കൂൾ സിലബസിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച റിപ്പോർട്ട് ഇതിനകം തന്നെ വിദ്യാഭ്യാസ വകുപ്പിന് നൽകിയിട്ടുണ്ടെന്ന വെളിപ്പെടുത്തലാണ് സമ്മേളനത്തിൽ സംസാരിച്ച ഫയർ സർവീസ് ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ നടത്തിയത്. അടുത്ത അക്കാഡമിക് വർഷം മുതൽ ഇക്കാര്യം സിലബസിൽ ഉൾപ്പെടുത്തുമെന്നാണ് വിശ്വാസമെന്നും അവർ കൂട്ടിച്ചേർത്തു.

അഗ്നിബാധ ഉണ്ടാകുന്നിടത്തും മഴക്കാല അപകടങ്ങൾ നടക്കുന്നിടത്തും ആദ്യഘട്ടത്തിൽ ചെയ്യേണ്ട ചില മുൻകരുതലുകളും മറ്റുമുണ്ട്. മുൻകൂട്ടി പരിശീലനം ലഭിച്ചവർക്ക് ഇത് വളരെ പെട്ടെന്ന് ചെയ്യാൻ കഴിയും. ആദ്യം നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളാണ് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുന്നത്. ഇതിന് വ്യക്തമായ ബോധവത്കരണവും പഠനവും ആവശ്യമാണ്. ഇതുകൂടി മുൻകൂട്ടി കണ്ടാണ് കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ ജില്ലകൾ തോറും ഫയർ ആൻഡ് റെസ്‌ക്യൂ ബോധവത്‌കരണ സമ്മേളനങ്ങൾ നടത്തിവരുന്നത്. സമ്മേളനങ്ങളിൽ ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങളും ഞങ്ങൾ സർക്കാരിന് സമർപ്പിക്കുന്നതായിരിക്കും. വിദ്യാഭ്യാസ സിലബസിൽ ഇത്തരം പാഠങ്ങൾ ഉൾപ്പെടുത്തുന്ന രീതി പല രാജ്യങ്ങളിലും നിലവിലുണ്ട്. ഭൂമികുലുക്കവും കടലാക്രമണവും പതിവായി ഉണ്ടാകുന്ന ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ ഇത് സിലബസിന്റെ ഭാഗമാണ്. അതിവേഗം കാലാവസ്ഥാ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ ദുരന്തങ്ങൾ വന്നിട്ട് പാഠം പഠിക്കാമെന്ന രീതി നമ്മൾ മാറ്റേണ്ടതുണ്ട്. ഈ കാലഘട്ടത്തിൽ കരുതലോടെ ജീവിക്കാൻ അതിന് മുമ്പ് തന്നെ നാം പാഠം പഠിച്ചുതുടങ്ങേണ്ടിയിരിക്കുന്നു.