തിരുവനന്തപുരം: കിഫ്ബി പദ്ധതികളിൽ ഉൾപ്പെട്ട റോഡ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് കാലതാമസമുണ്ടാകുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. നടപടി വേഗത്തിലാക്കാൻ 15 ലാൻഡ് അക്വിസിഷൻ യൂണിറ്റുകളെ നിയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ 1180 മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യമാണ് റോഡ് ടാറിംഗിന് ഉപയോഗിച്ചത്. ദേശീയപാതാവിഭാഗത്തിന് കീഴിൽ 265.283 മെട്രിക് ടൺ മാലിന്യം ടാറിംഗിന് ഉപയോഗിച്ചു. ഇതുവരെ പൊതുമരാമത്ത് വിഭാഗത്തിന് കീഴിൽ ഇത്തരത്തിൽ 803 കിലോമീറ്ററും ദേശീയപാതാ വിഭാഗത്തിന് കീഴിൽ 102.34 കിലോമീറ്ററും റോഡുകളാണ് ടാർ ചെയ്തത്. കരാറുകാർ തന്നെയാണ് പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ള സാമഗ്രികൾ വാങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.