ff

വർക്കല: കടലിൽ കുളിക്കുന്നതിനിടെ കാണാതായ മക്കളെ ഓർത്ത് രണ്ട് കുടുംബങ്ങൾ തീരാദുഃഖത്തിൽ. ഇക്കഴിഞ്ഞ ഓഗസ്റ്റ് 27ന് സുഹൃത്തുക്കൾക്കൊപ്പം കാപ്പിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ ആറ്റിങ്ങൽ തൊപ്പിച്ചന്ത ധനുസിൽ സുഗതന്റെയും- ആശയുടെയും മകൻ അഖിൽ (23), ഒക്ടോബർ 10ന് കാപ്പിൽ കടലിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങി കാണാതായ ചെമ്മരുതി ചിറപ്പാട് കിട്ടു വീട്ടിൽ ഗിരീഷ് - ബിജു ദമ്പതികളുടെ മകൻ അച്ചു എന്ന് വിളിക്കുന്ന ആരോമൽ (16) എന്നിവരുടെ കുടുംബങ്ങളാണ് കുട്ടികൾക്കായി കാത്തിരിക്കുന്നത്.

തെരച്ചിലുകളെല്ലാം വിഫലമായ സ്ഥിതിയിലാണ്. അഖിലിനൊപ്പം കാണാതായ കടക്കൽ വാലുപച്ച സ്വദേശി രാഹുൽ രാജിന്റെ മൃതദേഹം സംഭവം നടന്ന തൊട്ടടുത്ത ദിവസം വർക്കല ചിലക്കൂർ ആലിയിറക്കം തീരത്തു നിന്ന് കിട്ടിയിരുന്നു. ഒന്നര മാസത്തിലേറെയായി അഖിലിനായി നിറകണ്ണുകളോടെ കാത്തിരിക്കുകയാണ് വീട്ടുകാർ. കാപ്പിൽ പൊഴിമുഖത്ത് കുളിക്കുന്നതിനിടെയാണ് ആരോമലിനെയും സുഹൃത്തായ വിഷ്ണുവിനെയും തിരച്ചുഴിയിൽ അകപ്പെട്ട് കാണാതായത്. വിഷ്‌ണുവിന്റെ മൃതദേഹം അടുത്തദിവസം ഇടവ വെറ്റകട തീരത്ത് നിന്ന് കണ്ടെത്തിയിരുന്നു. കാണാതായവർക്കായി മറൈൻ എൻഫോഴ്സ്‌മെന്റും കോസ്റ്റ് ഗാർഡും ദിവസങ്ങളോളം തെരച്ചിൽ നടത്തിയെങ്കിലും നാളിതുവരെ കണ്ടെത്താനായിട്ടില്ല. കോസ്റ്റൽ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുകയും മത്സ്യത്തൊഴിലാളികളുടെ സഹായം തേടുകയും ചെയ്തു. എന്നിട്ടും ഫലമുണ്ടായില്ല. നല്ല മഴയും അടിയൊഴുക്കുമുള്ള സമയത്താണ് ഇരുവരും തിരച്ചുഴിയിൽ അകപ്പെട്ട് കാണാതായത്.

അഖിൽ വലിയ കൂനമ്പായി കുളത്തമ്മ എൻജിനിയറിംഗ് കോളേജിലെ അവസാന വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു. സഹോദരങ്ങൾ: നിഖിൽ, നിതിൻ. ഞെക്കാട് വി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്നു ആരോമൽ. പഠിക്കാൻ മിടുക്കനായിരുന്നുവെന്നാണ് രക്ഷിതാക്കളും അദ്ധ്യാപകരും പറയുന്നത്. സഹോദരങ്ങൾ: ആര്യൻ, ആദിത്ത്. കടലിൽ കാണാതായവർക്കുള്ള തെരച്ചിൽ ഊർജിതപ്പെടുത്തുന്നതിന് സർക്കാർതലത്തിൽ നടപടി വേണമെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.