പൂവാർ: സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി നടന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കാഞ്ഞിരംകുളത്തെ ഗവ.സ്കൂളുകൾ സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. നെല്ലിക്കാക്കുഴി സർക്കാർ യു.പി സ്കൂളിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ശുചീകരണ പ്രവർത്തനങ്ങൾ സി.പി.എം കാഞ്ഞിരംകുളം ലോക്കൽ കമ്മിറ്റി അംഗവും പൂർവ വിദ്യാർത്ഥിയുമായ ആർ. ഷാജികുമാർ ഉദ്ഘാടനം നിർവഹിച്ചു. നെല്ലിക്കാക്കുഴി ബ്രാഞ്ച് കമ്മിറ്റി പ്രവർത്തകർ, സെക്രട്ടറി ഷിജു ജോർജിന്റെ നേതൃത്വത്തിലാണ് സ്കൂളും പരിസരവും വൃത്തിയാക്കിയത്. എല്ലാ ക്ലാസ് മുറികളും കഴുകിയതിന് പുറമെ സ്കൂൾ പരിസരവും ഗ്രൗണ്ടും വൃത്തിയാക്കി. സ്കൂളിലെ പൂർവ വിദ്യാർത്ഥികളും യജ്ഞത്തിൽ പങ്കെടുത്തു.