തിരുവനന്തപുരം: പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഹരിപ്പാട്ട് മെഡിക്കൽ കോളേജ് നിർമ്മിക്കാനുള്ള പദ്ധതി വേണ്ടെന്നുവച്ച സാഹചര്യത്തിൽ ഇതിനായി ഏറ്റെടുത്ത ഭൂമി സംരക്ഷിക്കുമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. വേലി കെട്ടി ഭൂമി സംരക്ഷിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടറോട് നിർദ്ദേശിച്ചു. ഈ ഭൂമി ഏത് വികസനത്തിന് ഉപയോഗിക്കണമെന്ന് പരിശോധിക്കുമെന്നും രമേശ് ചെന്നിത്തലയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി. ആയുഷ് വകുപ്പിന്റെ സഹായത്തോടെ ഹരിപ്പാട്ട് ആയുർവേദ മെഡിക്കൽ കോളേജ് സ്ഥാപിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടത്.