തിരുവനന്തപുരം: നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാതയ്ക്കായി കർണാടക ഭാഗത്ത് സർവേക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് വിശദമായ ശുപാർശ കൈമാറിയതായി മന്ത്രി വി. അബ്ദു റഹിമാൻ നിയമസഭയിൽ പറഞ്ഞു. 200 കിലോമീറ്റർ പാതയിൽ 68.5 കി.മീറ്റർ ദേശീയ ഉദ്യാനത്തിലൂടെയും 11.5 കി.മീറ്റർ ബന്ദിപ്പൂർ കടുവാസങ്കേതത്തിലൂടെയുമാണ് കടന്നുപോകുന്നത്. ഇതൊഴിവാക്കി പുതിയ രൂപരേഖയുണ്ടാക്കാൻ കേരള റെയിൽവേ വികസന കോർപറേഷനെ ചുമതലപ്പെടുത്തിയിരുന്നു.
തലശേരി തീരദേശ ടൗൺഷിപ്പിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന പാതയുടെ സർവേ കെ.ആർ.ഡി.സി.എൽ നടത്തിയിരുന്നു. ഈ രണ്ട് പാതകളും കൽപ്പറ്റയിൽ വച്ച് യോജിക്കും. അവിടെനിന്ന് വനമേഖലയിലൂടെ ഭൂഗർഭ തുരങ്കം വഴി കർണാടകയിലെത്തുന്ന തരത്തിലാണ് പുതിയ രൂപരേഖ. കർണാടക ഭാഗത്ത് വിശദമായ സർവേ നടത്തേണ്ടതുണ്ട്. അന്തർ സംസ്ഥാന വനമേഖലയിലൂടെയുള്ള പദ്ധതിയായതിനാൽ കർണാടക, കേന്ദ്ര സർക്കാരുകളുടെയും കടുവാ സംരക്ഷണ അതോറിട്ടിയുടെയും വനം- പരിസ്ഥിതി മന്ത്രാലയത്തിന്റേതുമടക്കം നിരവധി അനുമതികൾ ആവശ്യമാണ്.
പദ്ധതി യാഥാർത്ഥ്യമായാൽ എറണാകുളം- മൈസൂർ ദൂരം 361 കിലോമീറ്ററായും ബംഗളൂരുവിലേക്കുള്ള ദൂരം 500 കിലോമീറ്ററായും കുറയുകയും മലപ്പുറം, വയനാട് ജില്ലകൾക്ക് റെയിൽ കണക്ടിവിറ്റി ലഭിക്കുകയും ചെയ്യുമെന്ന് ടി.സിദ്ദിഖിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.