തിരുവനന്തപുരം: തോട്ടപ്പള്ളി സ്പിൽവേയുടെ വീതിയും ആഴവും കൂട്ടുന്നത് കുട്ടനാട്ടിൽ വെള്ളപ്പൊക്കം ഒഴിവാക്കാനാണെന്ന് മന്ത്റി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. ആഴംകൂട്ടുന്നതിലൂടെ ലഭിക്കുന്ന ധാതുമണൽ പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.ആർ.ഇ.എൽ, കെ.എം.എം.എൽ എന്നിവയ്ക്ക് നൽകാൻ ജലവിഭവ വകുപ്പുമായി കരാറുണ്ടാക്കിയിട്ടുണ്ടെന്ന് കെ.കെ. രമയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്റി മറുപടി നൽകി.

ഉപ്പുവെള്ളം കയറുന്നത് തടയാനും മഴക്കാലത്ത് അധികജലം ഒഴുക്കിവിടാനുമാണ് 360 മീ​റ്റർ നീളത്തിൽ സ്പിൽവേ നിർമ്മിച്ചത്. പൊഴിമുഖത്ത് അടിയുന്ന മണൽ മഴക്കാലത്തിന് മുമ്പ് നീക്കുകയാണ് പതിവ്. മണൽ നീക്കിയില്ലെങ്കിൽ അധികജലം ഒഴുക്കാനാവില്ല.

കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാൻ തോട്ടപ്പള്ളി സ്പിൽവേയിലെ തടസങ്ങൾ നീക്കേണ്ടത് അത്യാവശ്യമാണെന്ന് സ്വാമിനാഥൻ കമ്മിഷന്റെയും മദ്റാസ് ഐ.ഐ.ടിയുടെയും പഠന റിപ്പോർട്ടിലുണ്ട്.