ആറ്റിങ്ങൽ: ബി.ആർ.സി സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ആറ്റിങ്ങലിൽ സ്പെഷ്യൽ കെയർ സെന്റർ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി ഉദ്ഘാടനം ചെയ്തു. അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ബി.ആർ.സി സ്പെഷ്യൽ എഡ്യുക്കേറ്റർ അമൃത പദ്ധതി വിശദീകരിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീകുമാർ, ഹെഡ്മിസ്ട്രസ് ടി.ടി. അനിലാറാണി എന്നിവർ സംസാരിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ നിലച്ചുപോയ ഭിന്നശേഷി കുട്ടികൾക്കുള്ള സംയോജിക വിദ്യാഭ്യാസം പുനർ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിലെ സർക്കാർ പൊതു വിദ്യാലയങ്ങളിൽ സ്പെഷ്യൽ കെയർ സെന്ററുകൾ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ അവനവഞ്ചേരി ഹൈസ്കൂളിലും രണ്ടാം ഘട്ടമായി ഗവ. ബോയ്സ് സ്കൂളിലും, ഗേൾസ് സ്കൂളിലും കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാനാണ് തീരുമാനം. ഒരു ദിവസം പരമാവധി 10 കുട്ടികളെ പങ്കെടുപ്പിച്ച് ആഴ്ചയിൽ 3 ദിവസം ഇത് പ്രവർത്തിക്കും. ഒന്നാം ക്ലാസ് മുതൽ 10 വരെയുള്ള ഭിന്നശേഷി കുട്ടികൾക്ക് അക്കാഡമി പിൻതുണ നൽകുക എന്നതാണ് സെന്റർ ലക്ഷ്യമിടുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നാൽപ്പതോളം കുട്ടികൾക്ക് ഈ സേവനം ലഭ്യമാവും.