മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം തെരുവ് വിളക്കുകളും കത്തിക്കാത്തതിൽ പ്രതിഷേധിച്ചും ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും സി.പി.ഐയിലെ ഗ്രാമപഞ്ചായത്ത് മെമ്പർമാർ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ പ്രതിഷേധ സമരം നടത്തി. ഒൻപതാം വാർഡ് മെമ്പറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജി. ഗോപകുമാർ, പതിനാലാം വാർഡ് മെമ്പർ ആർ. രജിത, പതിനെട്ടാം വാർഡ് മെമ്പർ ടി. സുനിൽ എന്നിവരാണ് സമരം നടത്തിയത്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ധർണ നടത്തിയത്. ഗ്രാമപഞ്ചായത്ത് ഭരണസമിതിയെടുക്കുന്ന തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നില്ലെന്ന് ഇവർ ആരോപിച്ചു. സി.പി.എമ്മും സി.പി.ഐയും ചേർന്നുള്ള എൽ.ഡി.എഫാണ് കിഴുവിലം ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്.