തിരുവനന്തപുരം: മാലിന്യശേഖരണം നടത്തുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള വേതനം തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ വകയിരുത്തി നൽകാമെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. പ്രതിദിനം 750 രൂപ ഇവർക്ക് വേതനമായി നിശ്ചയിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ 50രൂപ, നഗരങ്ങളിൽ 70രൂപ വീതം പ്രതിമാസം വീട്ടുടമസ്ഥർ യൂസർഫീസായി നൽകണം. സാമ്പത്തിക പ്രയാസമുള്ളവരിൽ നിന്ന് യൂസർഫീസ് ഈടാക്കാനാവാത്തതിനാലാണ് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിൽ വകയിരുത്തി വേതനം നൽകുന്നത്.
ഹരിത സേനാംഗങ്ങളുടെ ആരോഗ്യസുരക്ഷാ പദ്ധതി സർക്കാർ അംഗീകരിച്ചിട്ടുണ്ട്. കുടുംബശ്രീ മിഷനും സേനാംഗങ്ങളും 345 രൂപാ വീതം പ്രീമിയം അടയ്ക്കണം. 50വയസുവരെയുള്ളവർക്ക് രണ്ട് ലക്ഷം, 50നും 60നുമിടയിലുള്ളവർക്ക് ഒരു ലക്ഷം രൂപയും ഇൻഷ്വറൻസ് പരിരക്ഷയുണ്ടാവും. കൊവിഡ് ബാധിച്ച് മരിച്ചാൽ 5ലക്ഷം രൂപ നൽകാനുള്ള കുടുംബശ്രീ മിഷന്റെ ശുപാർശ പരിഗണനയിലാണ്. 5ലക്ഷം രൂപയുടെ പരിരക്ഷയുള്ള കേന്ദ്ര ആരോഗ്യ പദ്ധതിയിലും ഹരിത കർമ്മ സേനാംഗങ്ങൾക്ക് ചേരാമെന്നും പി.പി.സുമോദിന്റെ സബ്മിഷന് തദ്ദേശ മന്ത്രിക്കു വേണ്ടി മന്ത്രി രാജീവ് മറുപടി നൽകി.