oct25b

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിൽ ശ്രദ്ധേയമായ ഒരു സർക്കാർ സ്കൂളാണ് ആലംകോട് ഗവ. എൽ.പി.എസ്. സ്വകാര്യ സ്കൂളുകളുടെ അതിപ്രസരം കാരണം കുട്ടികൾ കുറവായിരുന്ന ഇവിടെ വർഷങ്ങൾക്ക് ശേഷം ഒന്നാം ക്ലാസിൽ 26 കുട്ടികൾ അഡ്മിഷൻ എടുത്തതിൽ അദ്ധ്യാപകർ സന്തോഷത്തിലാണ്. എന്നാൽ കൊവിഡ് കഴിഞ്ഞ് സ്കൂൾ തുറക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇവിടത്തെ അസൗകര്യങ്ങൾ അദ്ധ്യാപകരെ വലയ്ക്കുകയാണ്.

കൊവിഡ് നിയന്ത്രണങ്ങളോടെ കുട്ടികളെ ക്ലാസ് മുറികളിൽ ഇരുത്തണമെങ്കിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. അതിനുള്ള സാമ്പത്തികം പി.ടി.എയ്ക്ക് ഇല്ല. പ്രൈമറി തലം മുതൽ നാലാം ക്ലാസുവരെയാണ് ഈ സ്കൂളിൽ ഉള്ളത്. കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് ഈ വർഷം സ്കൂളിൽ 36 കുട്ടികൾ കൂടുതലായുണ്ട്. പ്രീപ്രൈമറി ഉൾപ്പെടെ നിലവിൽ 96 കുട്ടികളാണുള്ളത്. ഇവരിൽ 26 പേർ ഒന്നാം ക്ലാസുകാരാണ്.

സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ചിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ സ്കൂളിൽ നടന്ന മെച്ചപ്പെട്ട പഠന-പഠനാനുബന്ധ പ്രവർത്തനങ്ങളാണ് ഈ വർഷം വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാക്കിയത്. അദ്ധ്യാപകരുടെ അകമഴിഞ്ഞ സഹായമാണ് സ്കൂൾ നിലനിൽക്കാൻ കാരണം.

കുട്ടികളെ ഇരുത്താൻ സംവിധാനമൊരുക്കുന്നതിന് വ്യക്തികളോ സംഘടനകളോ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പി.ടി.എ. അതിനായി അവർ പലരെയും കാണാൻ പദ്ധതിയിട്ടിരിക്കുകയാണ്. നഗരസഭയും പൂർവ വിദ്യാർത്ഥികളും നാട്ടുകാരും ഉൾപ്പെടെയുള്ളവർ സഹായിച്ചാൽ ഈ സർക്കാർ സ്കൂൾ വീണ്ടും പഴയ പ്രൗഡിയിലെത്തും.

ഒന്നാം ക്ലാസിലേക്ക് അഡ്മിഷൻ എടുത്തത് - 26 കുട്ടികൾ

നിലവിൽ - 96 വിദ്യാർത്ഥികൾ

ക്ലാസുകൾ - 1 മുതൽ നാല് വരെ

അദ്ധ്യാപകരെ വലച്ച്

സ്കൂളിൽ നാല് കെട്ടിടങ്ങളാണുള്ളത്. ഒന്ന് ഫിറ്റിനസ് ഇല്ലാത്തതിനാൽ പ്രവർത്തിപ്പിക്കാനാവില്ല. മറ്റ് കെട്ടിടങ്ങളിലായി ആവശ്യത്തിന് ക്ലാസ് മുറികൾ ഉണ്ടെങ്കിലും പുതിയ മാർഗ നിർദ്ദേശങ്ങൾ പാലിച്ച് കുട്ടികളെ ഇരുത്താൻ ബെഞ്ചും ഡ‌െസ്കും ഇല്ലാത്തതാണ് അദ്ധ്യാപകരെയും പി.ടി.എയും വലയ്ക്കുന്നത്.

പ്ലാസ്റ്റിക്ക് കസേരകളെങ്കിലും വേണം

ഒന്നാംക്ലാസുകാരെ ഇരുത്താൻ ചെറിയ പ്ലാസ്റ്റിക് കസേരകളായാലും മതിയാകുമെന്ന നിലപാടിലാണ് അധികൃതർ. എന്നാൽ അത് വാങ്ങാനുള്ള സാമ്പത്തികം പി.ടി.എയ്ക്കില്ല. അത് എങ്ങനെ സംഘടിപ്പിക്കാമെന്ന ചിന്തയിലാണ് ഇപ്പോൾ പി.ടി.എ.

പാവപ്പെട്ട വിദ്യാർത്ഥികൾ

പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് കൂടുതലും ഇപ്പോൾ സ്കൂളിൽ ഉള്ളത്. കൊവിഡ് പ്രതിസന്ധിമൂലം ഭൂരിഭാഗം രക്ഷിതാക്കളും തൊഴിൽ നഷ്ടപ്പെട്ടവരും വരുമാനം നിലച്ചവരുമാണ്. അതുകൊണ്ടുതന്നെ സ്കൂളിനു വേണ്ടി സംഭാവന നൽകണമെന്നുണ്ടെങ്കിലും അവർക്ക് അതിന് സാധിക്കാത്ത അവസ്ഥയാണ്.