തിരുവനന്തപുരം: തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണൽ ഖനനം തീരദേശ നിയന്ത്റണ വിജ്ഞാപനത്തെപ്പോലും മറികടന്നാണെന്ന് നിയമസഭയിൽ ആർ.എം.പി അംഗം കെ.കെ. രമ ആരോപിച്ചു. എന്നാൽ, തോട്ടപ്പള്ളി സ്പിൽവേയുടെ ആഴവും വീതിയും വർദ്ധിപ്പിച്ചതിനാലാണ് ഇത്തവണത്തെ പ്രളയത്തിൽ കുട്ടനാട്ടിൽ വെള്ളം കയറാതിരുന്നതെന്ന് മന്ത്രി പി.രാജീവ് തിരിച്ചടിച്ചു.
എല്ലാ നിയമവും ലംഘിച്ചു കൊണ്ടുള്ള ആലപ്പുഴയിലെ കരിമണൽ ഖനനം പ്രദേശത്തെ തീരാദുരിതത്തിലാക്കിയിരിക്കുകയാണെന്നും മണലിലെ ധാതുഘടകങ്ങൾ വേർതിരിക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതിയില്ലെന്നും ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ച് കെ.കെ. രമ ആരോപിച്ചു. തോട്ടപ്പള്ളി സ്പിൽവേയുടെ വീതിയും ആഴവും വർദ്ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന ധാതുമണൽ പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.ആർ.ഇ.എൽ, കെ.എം.എം.എൽ എന്നിവയിലേക്ക് മാറ്റുന്നതിന് ജലവിഭവ വകുപ്പുമായി കരാറുണ്ടാക്കിയിട്ടുണ്ടെന്ന് മന്ത്രി രാജീവ് പറഞ്ഞു. ധാതുമണലിലെ ഘടകങ്ങൾ വേർതിരിച്ച ശേഷം മണൽ ഈ പ്രദേശത്തു തന്നെ തിരികെ നിക്ഷേപിക്കുകയാണ്. ഉപ്പുവെള്ളം കയറുന്നത് തടയാനും മഴക്കാലത്ത് അധികജലം ഒഴുക്കിവിടാനുമാണ് 360 മീറ്റർ നീളത്തിൽ സ്പിൽവേ നിർമിച്ചത്. പൊഴിമുഖത്ത് അടിയുന്ന മണൽ മഴക്കാലത്തിനു മുമ്പ് നീക്കുകയാണ് പതിവ്. ഇങ്ങനെ നീക്കിയില്ലെങ്കിൽ അധികജലം ഒഴുക്കാനാവില്ല. കുട്ടനാട്, അപ്പർ കുട്ടനാട് എന്നിവിടങ്ങൾ വെള്ളത്തിൽ മുങ്ങും.
കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാൻ തോട്ടപ്പള്ളി സ്പിൽവേയിലെ തടസങ്ങൾ നീക്കേണ്ടത് അത്യാവശ്യമാണെന്ന് സ്വാമിനാഥൻ കമ്മിഷന്റെയും മദ്റാസ് ഐഐടിയുടെയും പഠന റിപ്പോർട്ടിലുണ്ട്. അതിനാലാണ് മണൽ നീക്കത്തിന് അനുമതി നൽകിയതെന്നും മന്ത്റി മറുപടി നൽകി. മന്ത്രിയുടെ മറുപടി ശരിയാണെന്ന് തോന്നുന്നില്ലെന്നായിരുന്നു ഉപചോദ്യത്തിനിടെ രമയുടെ പ്രതികരണം.