c

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ പൂർണമായി ഇന്നലെ തുറന്നതോടെ, കാമ്പസുകൾ ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും നിറക്കൂടായി മാറി.

ബിരുദ കോഴ്സുകളുടെ അഞ്ച്, ആറ് സെമസ്റ്റർ, ബിരുദാനന്തര ബിരുദ കോഴ്സുകളുടെ മൂന്ന്, നാല് സെമസ്റ്റർ ക്ലാസുകൾ ഈ മാസമാദ്യം തുടങ്ങിയിരുന്നു. ഇന്നലെ ചിലരുടെ മുഖത്ത് ആദ്യമായി കോളേജിലെത്തിയതിന്റെ ഉത്കണ്ഠയും ആകാംക്ഷയുമായിരുന്നു. മ​റ്റ് ചിലർക്ക് കൂട്ടുകാരെ തിരിച്ചുകിട്ടിയതിന്റെ സന്തോഷവും. കാര്യവട്ടം കാമ്പസടക്കം എല്ലാ കോളേജുകളും തുറന്നതായി കേരള സർവകലാശാലാ പി.വി.സി ഡോ.പി.പി.അജയകുമാർ പറഞ്ഞു.

കാമ്പസുകൾ സജീവമായെങ്കിലും അവസാന സെമസ്റ്റർ ബിരുദ വിദ്യാർത്ഥികൾ പരീക്ഷയുടെ ചൂടിലാണ്. പ്രവേശന നടപടികൾ പൂർത്തിയാകാത്തത് കാരണം ഒന്നാം വർഷ പി.ജി ക്ലാസുകൾ ചിലയിടങ്ങളിൽ തുടങ്ങിയിട്ടില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തനം. പി.ജി ക്ലാസ്സുകൾ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചും ബിരുദ ക്ലാസ്സുകൾ വിദ്യാർത്ഥികളെ ബാച്ചുകളാക്കിയോ ഇടവിട്ടുള്ള ദിവസങ്ങളിലോ പ്രത്യേക ബാച്ചുകളായി ദിവസേനയോ ക്ലാസ് നടത്താമെന്നാണ് സർക്കാർ നിർദ്ദേശം. പ്രൊഫഷണൽ കോളേജുകൾ മുഴുവൻ പൂർണ്ണ തോതിൽ പ്രവർത്തിച്ചു തുടങ്ങി. ഹോസ്​റ്റലുകളും തുറന്നു.