തിരുവനന്തപുരം: ദത്ത് വിവാദത്തിൽ കുരുക്കിലായ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയും, എസ്.എഫ്,ഐ മുൻ സംസ്ഥാന പ്രസിഡന്റുമായ ഷിജുഖാന്, യു.ജി.സി ചട്ടങ്ങൾ മറികടന്ന് കേരള സർവകലാശാലയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് . അധിക യോഗ്യതയുണ്ടാക്കി കണ്ണൂർ സർവകലാശാലയിൽ അസി.പ്രൊഫസറാക്കാനാണ് വഴി വിട്ട നീക്കം.
പൂർണ സമയ ഔദ്യോഗിക ചുമതല വഹിക്കുന്നവർക്ക് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് അനുവദിക്കാൻ പാടില്ലെന്ന യു.ജി.സി ചട്ടം കേരള സിൻഡിക്കേറ്റ് അവഗണിച്ചു.കണ്ണൂർ സർവകലാശാലയിലെ നിയമനത്തിനായി തിരക്കിട്ട് ബുധനാഴ്ച ഓൺലൈൻ ഇന്റർവ്യൂ നടത്തും. നേരത്തേ, സംസ്‌കൃത സർവകലാശാലയിൽ മലയാളം അസി. പ്രൊഫസറുടെ ഒറ്റ ഒഴിവിൽ ഷിജുഖാൻ അപേക്ഷിച്ചിരുന്നെങ്കിലും ,സ്പീക്കർ എം.ബി .രാജേഷിന്റെ ഭാര്യ നിനിതാ കണിച്ചേരിക്കായിരുന്നു നിയമനം.
ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി പദവിയുള്ളതിനാൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് പ്രവേശിക്കാൻ ഷിജുഖാന് കേരള സർവകലാശാല ആറു മാസത്തെ സമയം നീട്ടി നൽകി. രജിസ്ട്രാറുടെ എതിർപ്പ് അവഗണിച്ചാണിത്. ഗവേഷണത്തിന് തനിക്ക് സർവകലാശാലയിൽ പ്രത്യേക മുറി വേണമെന്ന് വകുപ്പു മേധാവിയോട് ഷിജുഖാൻ ആവശ്യപ്പെട്ടതായും വിവരമുണ്ട്. ഷിജുഖാന് നിയമനം നൽകാൻ കണ്ണൂർ വി.സിക്കു മേൽ ശക്തമായ സമ്മർദ്ദമുണ്ട്. പോസ്റ്റ് ഡോക്ടറൽ ഫെല്ലോയ്ക്ക് അസി.പ്രൊഫസർ ഇന്റർവ്യൂവിൽ മുൻഗണന ലഭിക്കും. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങരുതെന്നും, ഉന്നത യോഗ്യതകളുള്ള ഉദ്യോഗാർത്ഥിക്കേ നിയമനം നൽകാവൂവെന്നും ആവശ്യപ്പെട്ട് കണ്ണൂർ വി.സിക്ക് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി നിവേദനം നൽകി. ഷിജുഖാന് ചട്ടവിരുദ്ധമായി അനുവദിച്ച പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് റദ്ദാക്കണമെന്ന് കേരള വി.സിയോടും ആവശ്യപ്പെട്ടു.