വിഴിഞ്ഞം: പലസ്ഥലങ്ങളിലും ഒഴുക്കുനിലച്ചും ബണ്ട് പൊട്ടിയതിനെ തുടർന്ന് കൃഷിയിടങ്ങളിലേക്കൊഴുകിയും ഗംഗയാർ തോട് തീരാ തലവേദനയാകുന്നു. പലസ്ഥലങ്ങളിൽ പലരീതിയിലാണ് തോട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. തോട് നവീകരണത്തിന്റെ കാര്യത്തിൽ അധികൃതർ തുടരുന്ന അനാസ്ഥയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
വെങ്ങാനൂർ വിളക്കന്നൂർ - തൈവിളാകം ഭാഗത്ത് നടപ്പാലമില്ലാത്തതാണ് ഗംഗയാർ തോട് നേരിടുന്ന പ്രശ്നം. തോടിന് കുറുകേ നടപ്പാലമുണ്ടായിരുന്നത് തകർന്നിട്ട് വർഷം ഒന്ന് പിന്നിട്ടു. താത്കാലികമായി തെങ്ങിൻതടിയിൽ തീർത്ത പാലവും നശിച്ചതോടെ നാട്ടുകാർ ഇലക്ട്രിക് പോസ്റ്റ് കൊണ്ട് പാലം നിർമ്മിച്ചിരിക്കുകയാണ്. തോടിനു ഇരുവശത്തെയും ഭിത്തി ഇടിഞ്ഞുതാഴ്ന്നതും കാലപ്പഴക്കവുമാണ് പാലത്തിന്റെ തകർച്ചയ്ക്ക് കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു വശം വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിലും ഒരുവശം നഗരസഭാ വാർഡിലും ഉൾപ്പെട്ടതിനാൽ അതിർത്തി തർക്കത്തിന്റെ പേരിൽ ഇവിടെ അറ്റകുറ്റപ്പണികൾ നടത്തുന്നില്ല.
കൃഷി നാശവും
വർഷങ്ങളായി തോട് വൃത്തിയാക്കാത്തതിനാൽ കാടും കുറ്റിച്ചെടികളും വളർന്ന് ഒഴുക്ക് നിലച്ചു. കഴിഞ്ഞമഴയിൽ തോട്ടിലെ ബണ്ട് പൊട്ടി കൃഷിസ്ഥലത്തേക്ക് വെള്ളംകയറി വൻനാശമാണ് ഉണ്ടായത്. നാട്ടുകാർ ഇടയ്ക്ക് മണൽച്ചാക്ക് നിറച്ച് ബണ്ട് പുനർനിർമ്മിച്ചെങ്കിലും വയലുകളിൽ വെള്ളം കയറുന്നത് തടയാനായിട്ടില്ല. വെണ്ണിയൂർ കഴിഞ്ഞാൽ മേഖലയിൽ ഏറ്റവും അധികം കൃഷി സ്ഥലങ്ങളുള്ളത് വെങ്ങാനൂർ - തൈവിളാകം - നീലകേശി ഭാഗത്താണ്. ഇതുവഴിയാണ് ഗംഗയാർ തോട് കടന്നുപോകുന്നത്. യഥാസമയം വൃത്തിയാക്കാത്തതിനാൽ തോടിന്റെ ഒഴുക്ക് നിലച്ച് കൃഷിസ്ഥലത്തേക്ക് വെള്ളം കയറുന്നത് പതിവാണ്. പാട്ടത്തിനെടുത്തും ലോണെടുത്തും കൃഷി ചെയ്യുന്നവരാണ് ഈ പ്രദേശത്ത് കൂടുതലും. കൃഷി നശിച്ചതോടെ പലരും കടക്കെണിയിലാണ്.
നടവരമ്പും സഞ്ചാരയോഗ്യമല്ല
ഊരുവിളാകം മുതൽ ചാവടിനട വരെയുള്ള തോട് വരമ്പും കാടുകയറി സഞ്ചാരയോഗ്യമല്ലാത്ത നിലയിലാണ്. ചാവടിനട സിസിലിപുരം ഭാഗത്തുള്ളവർ മുൻകാലങ്ങളിൽ വിഴിഞ്ഞത്തേക്ക് പോകാൻ ഈ വഴിയാണ് ഉപയോഗിച്ചിരുന്നത്. വരമ്പിന്റെ ശോച്യാവസ്ഥ കാരണം ഇപ്പോൾ കിലോമീറ്ററുകൾ ചുറ്റി മാത്രമേ സഞ്ചരിക്കാനാകൂ. 5 അടിയിലേറെ വീതി ഉണ്ടായിരുന്ന വരമ്പ് ഇപ്പോൾ മണ്ണിടിച്ചിൽ കാരണം രണ്ടടിയായി ചുരുങ്ങി.
"വെങ്ങാനൂർ തോട്ടിലെ ബണ്ട് തകർന്ന് കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തര സഹായം നൽകണം. "
തെന്നൂർക്കോണം ബാബു, ജനതാദൾ (എസ് )