തിരുവനന്തപുരം: പ്ളസ് വണ്ണിന് ഇരുപത് ശതമാനം സീറ്റു വർദ്ധിപ്പിച്ച ഏഴു ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ പത്തു ശതമാനം സീറ്റു കൂടി അനുവദിച്ച് എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നേടിയ എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. എല്ലാ വിഷയത്തിനും എ പ്ളസ് വാങ്ങിയ വിദ്യാർത്ഥികൾ അടക്കം പ്രവേശനത്തിന് കാത്തിരിക്കുന്ന പശ്ചാത്തലത്തിലാണിത്.
മറ്റു ജില്ലകളിൽ അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇരുപത്, അല്ലെങ്കിൽ പത്ത് ശതമാനം സീറ്റ് അനുവദിക്കും. ഈ ജില്ലകളിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായ എയ്ഡഡ് സ്കൂളുകളിലും അൺ എയ്ഡഡ് സ്കൂളുകളിലും നിബന്ധനകൾക്ക് വിധേയമായി സീറ്റ് കൂട്ടും. മാനേജ്മെന്റ് സീറ്റും മെരിറ്റ് സീറ്റും ഉൾപ്പെടെയാണിത്. സർക്കാർ സ്കൂളുകളിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ അപേക്ഷകർ കൂടുതലുള്ള ജില്ലകളിലേക്ക് മാറ്റും. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, ഇടുക്കി, വയനാട്, കാസർകോട് അടക്കമുള്ള ജില്ലകളിൽ സീറ്റുകൾ ഒഴിവുണ്ട്.
വേണ്ടിവന്നാൽ, സപ്ലിമെന്ററി അലോട്ട്‌മെന്റിന് ലഭിക്കുന്ന അപേക്ഷകളെ അടിസ്ഥാനപ്പെടുത്തി താത്കാലിക ബാച്ചുകളും അനുവദിക്കും. സപ്ളിമെന്ററി അലോട്ട്മെന്റിനു ശേഷം ആവശ്യം നോക്കിയായിരിക്കും ഒാരോ വിഷയത്തിലും സീറ്റ് കൂട്ടുന്നത്. വയനാട് നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും കൽപ്പറ്റ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ ഫോർ ഗേൾസിൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും അനുവദിക്കും.
കാത്തിരിക്കുന്നത്
5812 എപ്ളസുകാർ
എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച 125509 വിദ്യാർത്ഥികളിൽ 5812പേർ പ്രവേശനത്തിനായി കാത്തിരിക്കുകയാണ്. ഇവർക്ക് പ്രവേശനം നൽകാനാണ് സർക്കാർ സ്കൂളുകളിലെ ഒഴിവുള്ള സീറ്റുകൾ ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റുന്നത്.
50 താലൂക്കുകളിൽ
സീറ്റിന് ക്ഷാമം
50 താലൂക്കുകളിൽ സീറ്റ് ക്ഷാമമുണ്ട്. അധികവും നഗരങ്ങളിലെ സ്കൂളുകളിലാണ്. മലപ്പുറം ജില്ലയിൽ 14,000 കുട്ടികൾ പ്രവേശനം കാത്ത് കഴിയുകയാണ്. ആകെയുള്ള സീറ്റ് 61,000.
സപ്ളിമെന്ററി :
അപേക്ഷ 28 വരെ
പ്ളസ് വൺ പ്രവേശനത്തിൻെറ സപ്ളിമെൻററി അലോട്ട്മെൻറിന് 26 ന് രാവിലെ 10 മുതൽ 28 ന് വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. സീറ്റുകളുടെ ഒഴിവും മറ്റ് നിർദ്ദേശങ്ങളും www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ Click for Higher Secondery Admission എന്ന ലിങ്കിൽ കിട്ടും. പ്രവേശനം നേടിയവരും അലോട്ട്മെന്റ് കിട്ടിയിട്ടും പ്രവേശനം നേടാത്തവരും പ്രവേശനം നേടിയശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവരും അപേക്ഷിക്കരുത്. അപേക്ഷയിലെ അപാകതമൂലം പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും അപേക്ഷിക്കാൻ അവസരമുണ്ടെന്ന്
പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
₹മൊത്തം അപേക്ഷകർ -4,25,730
₹ഏകജാലക പ്രവേശനം -2,70,188
₹രണ്ടാം അലോട്ട്‌മെന്റ് - :2,69,533
₹ബാക്കി അപേക്ഷകർ: -85,316
₹കഴിഞ്ഞ വർഷം
പ്രവേശനം നേടിയത് -3,85,530