തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ മാസങ്ങളായി അടച്ചിട്ടിരുന്ന മൃഗശാലയും മ്യൂസിയവും ഇന്നലെ മുതൽ തുറന്നു. രാവിലെ സമ്മിശ്ര പ്രതികരണമായിരുന്നെങ്കിലും ഉച്ചകഴിഞ്ഞതോടെ സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സന്ദർഷകരെ പ്രവേശിപ്പിച്ചത്. നേപ്പിയർ മ്യൂസിയത്തിലും നാച്യൂറൽ ഹിസ്റ്ററി മ്യൂസിയത്തിലും ഒരേസമയം 25 പേരെയും ആർട്ട് ഗാലറിയിൽ 20 ആളുകളെയും പ്രവേശിപ്പിച്ചു. ഏറെ നാൾ കാഴ്ചക്കാരില്ലാതെ വിഹരിച്ചിരുന്ന മൃഗങ്ങൾ സന്ദർശകരെ കണ്ടതോടെ ഉൾവലിഞ്ഞു. പലർക്കും മൃഗങ്ങളെ കാണാതെ മടങ്ങേണ്ടി വന്നു. നേപ്പിയർ മ്യൂസിയം 185 പേരും നാച്യുറൽ ഹിസ്റ്ററി മ്യൂസിയം 65 പേരും സന്ദർശിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്ന പ്രതീക്ഷയിലാണിവർ. അടുത്തയാഴ്ച മുതൽ തിങ്കൾ അവധിയായിരിക്കും.