മലയിൻകീഴ്: സി.പി.എം നേതാവിന്റെ വീടിനുനേരെ പടക്കമെറിഞ്ഞ അക്രമികൾ ജനൽച്ചില്ലുകൾ അടിച്ചുതകർത്തു. സി.പി.എം വിളപ്പിൽ ഏരിയാ കമ്മിറ്റി അംഗവും വിളപ്പിൽ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പേയാട് വിട്ടിയം കാർമ്മൽ സ്കൂളിന് സമീപം ഫാത്തിമ മൻസിലിൽ അസീസിന്റെ വീടിനുനേരെയാണ് ഇന്നലെ വൈകിട്ട് 4.15ഓടെ ആക്രമണമുണ്ടായത്.
അസീസിന്റെ ഭാര്യ ഫാത്തിമയും മൂത്ത മകനും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും മൂന്നുപേർ വീടിന് മുന്നിലെത്തി പടക്കമെറിഞ്ഞപ്പോൾ രണ്ടുപേർ റോഡിൽ നിൽക്കുകയായിരുന്നുവെന്നും ഫാത്തിമ പറയുന്നു. അക്രമികൾ വലിച്ചെറിഞ്ഞ പടക്കം വാതിലിൽ വന്നിടിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇതോടെ വീട് മുഴുവനും പുകകൊണ്ടുമൂടി. തുടർന്ന് ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയായിരുന്നു.
സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും അസീസിന്റെ മകനുമായിട്ടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നുമാണ് പൊലീസ് പറയുന്നത്.
വിട്ടിയം സ്വദേശി സന്തോഷിനെ അസീസിന്റെ മകൻ അസീം പേയാട് ചന്തമുക്കിലിട്ട് അടുത്തിടെ മർദ്ദിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ അസീമിനെ ലക്ഷ്യമിട്ടാണ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും വിളപ്പിൽശാല എസ്.ഐ വി.ഷിബു അറിയിച്ചു.
ഫോട്ടോ: ആക്രമണം നടന്ന വീട്