പോത്തൻകോട്: മദ്യപിച്ച് കടയുടെ മുന്നിൽ ബഹളംവച്ചത് ചോദ്യം ചെയ്ത സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച പ്രതികളെ പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തു. പാങ്ങപ്പാറ സ്വദേശികളായ വിഷ്ണു (26), സമർഥ് രാജ് (22), വിനു മോഹൻ (26) എന്നിവരാണ് അറസ്റ്റിലായത്. പോത്തൻകോട് പൊലീസ് സ്റ്റേഷന് നൂറുമീറ്റർ അകലെയുള്ള
ഹോം അപ്ലയൻസ് സ്ഥാപനത്തിലെ ജീവനക്കാരനായ ഷംനാദിനാണ് (39) മർദ്ദനമേറ്റത്. ഞായറാഴ്ച രാത്രി 11.30നായിരുന്ന സംഭവം.
ക്രൂരമർദ്ദനമേറ്റ ഷംനാദിന്റെ വലതുകാൽ ഒടിയുകയും നട്ടെല്ലിന് ക്ഷതം സംഭവിക്കുകയും ചെയ്തു. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിവരമറിഞ്ഞെത്തിയ പൊലീസ് പ്രതികളെ സംഭവസ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായവർ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതികളാണ്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.