കിളിമാനൂർ: മദ്യലഹരിയിൽ കാൽവഴുതി കുത്തൊഴുക്കുള്ള തോട്ടിൽ വീണയാളെ രണ്ട് കൗമാരക്കാർ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. മടവൂർ തുമ്പോട് പഴവടി വാറുപൊയ്ക ചരുവിളവീട്ടിൽ അനിൽകുമാണ് (49) പഴവടി പാലത്തിൽ നിന്ന് പഴവടി -നഗരൂർ തോട്ടിൽ വീണത്. ഇന്നലെ വൈകിട്ട് എഴോടെയായിരുന്നു സംഭവം. ചെങ്ങറയിൽ നിന്ന് പഴവടിയിലെ വീട്ടിലേക്കു വരുമ്പോഴാണ് അനിൽകുമാർ അപകടത്തിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ട ഇയാൾ ഒന്നരകിലോമീറ്ററോളം തോട്ടിലൂടെ ഒഴുകി.
മുട്ടയം ഭാഗത്തെത്തിയപ്പോൾ സമീപത്തെ വീട്ടിലുള്ള സ്ത്രീകളാണ് ഒരാൾ തോട്ടിലെ കുത്തൊഴുക്കിൽപ്പെട്ടത് കണ്ടത്. ഇവർ ബഹളംവച്ചതോടെ ഓടിയെത്തിയ മുട്ടയം ഷെഫീന മൻസിലിൽ ഹസൻ (17), സഹോദരൻ മുഹമ്മദ് (14) എന്നിവർ ചേർന്ന് സാഹസികമായി അനിൽകുമാറിനെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പള്ളിക്കൽ സബ് ഇൻപെക്ടർ സാഹിൽ, ബാബു, സീനിയർ സി.പി.ഒ മുകേഷ്, ഹോംഗാർഡ് റഹിം എന്നിവർ ചേർന്ന് അനിൽകുമാറിന് പ്രഥമ ശുശ്രൂഷ നൽകി വീട്ടിലെത്തിച്ചു. ശക്തമായ മഴയിൽ പഴവടി -നഗരൂർ തോട് കരകവിഞ്ഞ് ഒഴുകുകയാണ്.