നേമം: ഇടിമിന്നലേറ്റ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് നിർമ്മാണത്തൊഴിലാളി മരിച്ചു. കാക്കാമൂല തൊങ്ങൽവിള വീട്ടിൽ കുഞ്ഞപ്പി - വാസന്തി ദമ്പതികളുടെ മകൻ വിനീഷ് (25) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.45 മണിയോടെയായിരുന്നു അപകടം. താന്നിവിള കസ്തൂർബാ കേന്ദ്രത്തിന് സമീപം മേക്കറകോണത്ത്മേലെ പുതുതായി പണികഴിപ്പിക്കുന്ന വീടിന്റെ രണ്ടാമത്തെ നിലയിലെ ഷെയ്ഡിന് പുറത്തുനിന്ന് ജനൽ പാളി വയ്ക്കുകയായിരുന്ന വിനീഷ് ഇടിമിന്നലേറ്റ് തെറിച്ച് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിക്ക് മരണമടഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നരുവാമൂട് പൊലീസ് കേസെടുത്തു. സഹോദരിമാർ: കവിത, വിജിത.