തിരുവനന്തപുരം: ബൈപ്പാസിൽ ഈഞ്ചയ്ക്കൽ മുതൽ പരുത്തിക്കുഴി വരെയുള്ള റോഡ് ദേശീയപാതാ അതോറിട്ടി അധികൃതർ അടച്ച് എട്ട് നാൾ പിന്നിട്ടതോടെ യാത്രക്കാർ ദുരിതത്തിൽ. കഴിഞ്ഞ 18നാണ് ബൈHDപാസ് അടച്ചത്. റോഡിലെവിടെയോ പൈപ്പ് പൊട്ടിയതാണ് ഇതിന് കാരണമായി അധികൃതർ പറഞ്ഞത്. രണ്ടുദിവസത്തിനകം ഗതാഗതം പൂർവസ്ഥിതിയിലാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ ഇതുസംബന്ധിച്ച് വ്യക്തമായി ഒന്നും പറയുന്നില്ല. ബൈപ്പാസ് അടച്ചതിനാൽ ഇടുങ്ങിയ സർവീസ് റോഡിലൂടെ വാഹനം ഓടിക്കുന്നവർ ദിനവും ഗതാഗതക്കുരുക്കിൽ വലയുകയാണ്. രാവിലെ പരവൻകുന്ന് മുതൽ ഈഞ്ചയ്ക്കലിലേക്കുള്ള റോഡിലാണ് തിരക്ക്. വൈകിട്ട് മറുവശത്തും. ഇന്നലെ രാവിലെ റോഡരികിലെ മാലിന്യംനീക്കാനായി നഗരസഭയുടെ ജെ.സി.ബി കൂടി മുട്ടത്തറയ്ക്കു സമീപത്തെ സർവീസ് റോഡിൽ പാർക്ക് ചെയ്തതോടെ സ്ഥിതി കൂടുതൽ സങ്കീർണമായി. 15 മിനിട്ടോളം എടുത്താണ് ഓരോ വാഹനവും സർവീസ് റോഡ് കടന്നുപോയത്. ജംഗ്ഷനിൽ നാലുവശത്തു നിന്നുമുള്ള വാഹനങ്ങൾ കുടുങ്ങിയതോടെ നാട്ടുകാരാണ് ഗതാഗത നിയന്ത്രണം ഏറ്റെടുത്തത്. ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ പൊലീസ് ഗതാഗതം നിയന്ത്രിക്കുന്നതിനാൽ ഇവിടെ വലിയകുരുക്ക് അനുഭവപ്പെടാതെ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കുന്നുണ്ട്.