തിരുവനന്തപുരം: നഗരത്തിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡുകളിൽ ഒന്നായപേട്ട ഓവർബ്രിഡ്ജിന്റെ പാർശ്വഭിത്തി നിർമ്മാണം ഇതുവരെ പൂർത്തിയായില്ല. മഴയോ മറ്റ് തടസങ്ങളോ ഇല്ലെങ്കിൽ നവംബർ പകുതിയോടെ റോഡ് ഗതാഗതയോഗ്യമാകുമെന്നാണ് റോഡ് ഫണ്ട് ബോർഡ് അധികൃതർ ഇപ്പോൾ പറയുന്നത്. നേരത്തെയിത് മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു വാക്ക്. ഇപ്പോഴും ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിടുകയാണ്. ഇവിടെ ഗതാഗതക്കുരുക്കും പതിവാണ്. ശനിയാഴ്ച രാത്രിയിൽ രണ്ടുകാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റിരുന്നു. ബാരിക്കേഡ് മറികടന്ന് പോകാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. പാർശ്വഭിത്തിയുടെ തകർച്ച തുടങ്ങി ഒരു വർഷത്തിലധികം കഴിഞ്ഞ് പരാതികൾ നിരന്തരമായതോടെയാണ് ഇതിന്റെ പുനർനിർമ്മാണം കഴിഞ്ഞ ജൂലായ് അവസാനത്തോടെ ആരംഭിച്ചത്. അന്നുമുതൽ ഒരുവശത്തേയ്ക്കുള്ള ഗതാഗതം പൂർണമായി അടച്ചിരിക്കുകയാണ്. പാലത്തിന് സമീപമുള്ള മാലിന്യക്കൂമ്പാരവും കൂറ്റൻ മരവും പാർശ്വഭിത്തി നിർമ്മിക്കാനുള്ള പാറയുടെ ദൗർലഭ്യവുമാണ് നിർമ്മാണം വൈകാൻ കാരണം. 45 മീറ്രർ നീളത്തിലാണ് പാർശ്വഭിത്തി പുനർനിർക്കുന്നത്. 15 മീറ്റർ വീതമുള്ള മൂന്ന് ഘട്ടങ്ങളാക്കി ക്രോസ് ബെൽറ്റും മൾട്ടി ബെൽറ്റും ചെയ്താണ് നിർമ്മാണം.
വില്ലനായി മഴ
തുടരെയുണ്ടായ കനത്ത മഴ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കി. ഇത് നിരവധിപേർ ആശ്രയിക്കുന്ന റോഡായതിനാൽ നിർമ്മാണം വേഗത്തിലാക്കാൻ അധികൃതർ പരമാവധി ശ്രമിക്കുന്നുണ്ട്. നിലവിൽ പേട്ടയിലേക്ക് വരുന്ന വാഹനങ്ങൾ പേട്ട പൊലീസ് സ്റ്റേഷന് മുന്നിൽ നിന്ന് കണ്ണമ്മൂലയിലേക്കുള്ള റോഡിലേക്കാണ് വഴി തിരിച്ചുവിടുന്നത്. ഇവിടെനിന്ന് ഭഗത്സിംഗ് നഗറിലെ ഇടറോഡ് കയറിയും ചായക്കുടി ലൈൻ വഴിയുമാണ് വാഹനങ്ങൾ പേട്ടയിലേക്ക് പോകുന്നത്.
പദ്ധതിച്ചെലവ് - 60 ലക്ഷം രൂപ