sk

മുക്കം: പുഴയോരത്ത് മുക്കം കടവിലെ എസ്.കെ. പൊറ്റക്കാട് സ്മൃതി കേന്ദ്രം അവഗണനയുടെ തീരത്ത്.

2005 ഓഗസ്റ്റ് 12ന് സുകുമാർ അഴീക്കോട് ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് ഈ വിധം അവഗണിക്കപ്പെടുന്നത്. നാടൻ പ്രേമമെന്ന നോവലിലൂടെ മുക്കം ഗ്രാമത്തെ പുറം ലോകത്തിന് പരിചയപ്പെടുത്തിയ സഞ്ചാര സാഹിത്യകാരൻ എസ്.കെ. പൊറ്റക്കാടിന്റെ ഓർമ്മക്കായി നിർമ്മിച്ച സാംസ്‌കാരിക നിലയമാണിത്.

കാരശ്ശേരി പഞ്ചായത്താണ് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി എസ്.കെയ്ക്ക് ഇവിടെ സ്മാരകം നിർമ്മിച്ചത്. ടൂറിസം സാദ്ധ്യതയും പരിഗണിച്ച് പത്ര പുസ്തകവായനയ്ക്കും ചെറു മീറ്റിംഗുകൾക്കും ഉപകരിക്കുന്ന നിലയിലാണ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി എസ്.കെയുടെ ഓർമ്മക്കായി കെട്ടിടം നിർമ്മിച്ചത്. പ്രളയങ്ങളിൽ ഇവിടെ വെള്ളം കയറിയിരുന്നെങ്കിലും കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ ഒന്നും സംഭവിച്ചിരുന്നില്ല.

കുറച്ചു കാലം മുക്കത്തെ സാംസ്‌കാരിക കൂട്ടായ്മയായ മാനവം ഇതിന്റെ മേൽനോട്ട ചുമതല വഹിച്ചതല്ലാതെ പിന്നീട് പഞ്ചായത്ത് അധികൃതരോ മറ്റാരെങ്കിലുമോ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ഇതിന്റെ പരിസരം കണ്ടാൽ തന്നെ ബോദ്ധ്യമാവും. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടം സംരക്ഷിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും ആവശ്യം. ലൈബ്രറിയും വായനശാലയും ഒരുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്‌.