vayalar-ramavarma

ഇന്ന് വയലാറിന്റെ ചരമവാർഷിക ദിനം

...................................

പ്രസിദ്ധ കവിയായ പാബ്ളോ നെരുദ ഒരിക്കൽ പറഞ്ഞു.

''ഞാൻ ഭൂമിയിലേയ്‌ക്കു വന്നത് പാടാനാണ്, പാടാൻ മാത്രം."

കവിതയ്‌ക്കും ഗാനത്തിനും വേണ്ടി മാത്രം ജീവിതം കാഴ്ചവച്ച ഒരു പ്രതിഭാശാലിയുടെ സ്‌മരണകൾ ഇരമ്പുന്ന ദിനമാണിന്ന്. മലയാള കവിതകളുടെയും ചലച്ചിത്രഗാനത്തിന്റെയും പൊന്നോടക്കുഴലിൽ വന്ന് ഒളിച്ചിരുന്ന ഒരു സുന്ദരഗാനരാഗമായിരുന്ന വയലാർ രാമവർമ്മയുടെ ചരമവാർഷികദിനം ഇന്ന് .

പാടിത്തീരുന്നതിനു മുമ്പ് ആ സർഗധാരയെ നിയതി തടഞ്ഞിട്ടു. എങ്കിലും തലമുറകളുടെ ഹൃദയത്തിന്റെ ദളങ്ങളിൽ മഞ്ഞുതുള്ളികൾ പോലെ ആ കവിതയും ഗാനവും ഒഴുകി നടക്കുന്നു. ഒരു കാലഘട്ടത്തിൽ നാം ശ്വസിച്ച വായുവിൽ ഓക്‌സിജനും നൈട്രജനും മാത്രമല്ല വയലാർ എഴുതി ദേവരാജൻ ഈണം പകർന്ന് യേശുദാസ് പാടിയ ഗാനങ്ങളും നിറഞ്ഞുനിന്നിരുന്നു.

താൻ ഗന്ധർവ ഗായകനല്ലെന്ന് വയലാർ പറഞ്ഞിരുന്നെങ്കിലും ഓർഫിയൂസിന്റെ ഗാനം പോലെ വയലാറിന്റെ രചനകൾ നമ്മുടെ മനസിനെ തഴുകിയുണർത്തുന്നു. വാക്കുകൾകൊണ്ട് നക്ഷത്രങ്ങളെ വിടർത്താൻ കഴിഞ്ഞ കവിയാണ് വയലാർ.

രാമവർമ്മയ്ക്ക് മൂന്നര വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. പിന്നെ എല്ലാം അമ്മയായിരുന്നു.

ഹൈസ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ രാമവർമ്മ കവിത കുറിയ്‌ക്കാൻ
തുടങ്ങി. ആദ്യ കവിതാ സമാഹാരം പാദമുദ്ര‌കൾ. വേദന വീണ്ടും സമൂഹത്തിൽ നിന്നും വേരോടെ ചീന്തിയെടുത്ത ഒട്ടേറെ കഥാകവിതകൾക്ക് ആ പൊൻതൂലിക ജീവൻ കൊടുത്തു. ആയിഷയും കുചേലൻ കുഞ്ഞൻനായരും പോലുള്ള കവിതകൾ ജനമനസുകളിൽ മധുരാനുഭൂതി പകർന്നുകൊണ്ട് ജീവിച്ചു.

പ്രശസ‌്‌ത നിരൂപകൻ ജോസഫ് മുണ്ടശ്ശേരി എഴുതി:

''ചങ്ങമ്പുഴയെപ്പോലെ വയലാറും ഒരു ജീനിയസായിരുന്നു. ജീനിയസാകുമ്പോൾ അതിന്റെ എല്ലാ വശങ്ങളും കണക്കിലെടുക്കണമല്ലോ. വയലാറിന്റെ ജീവിതത്തിൽ അവയെല്ലാം ഒത്തിണങ്ങിപ്പോയി."

'സർഗസംഗീതം" എന്ന കാവ്യഗ്രന്ഥം ഏറെ ശ്രദ്ധേയമായി. പ്രപഞ്ചത്തെ മുഴുവൻ ഉൾപ്പെടുത്തി ഒരു വലിയ കാവ്യം രചിക്കണമെന്ന് വയലാർ ആഗ്രഹിച്ചിരുന്നു. പക്ഷേ വിധി അതിന് അനുവദിച്ചില്ല. 47-ാമത്തെ വയസിൽ ആ ദീപനാളം അണഞ്ഞു.

ഭാഷ പൂത്തും വികാരം തളിർത്തുമുള്ള ഒരു ഗദ്യശൈലി വയലാറിന് സ്വായത്തമായിരുന്നു. അദ്ദേഹം രചിച്ച പുരുഷാന്തരങ്ങളിലൂടെ എന്ന കൃതി കുറച്ചുകാലം ഉപപാഠപുസ്‌തകമായിരുന്നു.

വയലാറിന്റെ തൂലികയിൽ നിന്ന് 1350 ചലച്ചിത്രഗാനങ്ങൾ ജീവൻകൊണ്ടു. അവ ഇന്നും ചിത്രശലഭങ്ങൾ പോലെ നമ്മുടെ നാദപ്രപഞ്ചത്തിൽ പാറിനടക്കുന്നു. 150 ചലച്ചിത്രങ്ങൾക്കുവേണ്ടിയാണ് അദ്ദേഹം ഗാനരചന നടത്തിയത്. രണ്ടു പതിറ്റാണ്ടോളം കാലം അദ്ദേഹം ഈ രംഗത്തെ പ്രജാപതിയായിരുന്നു. 'കൂടപ്പിറപ്പ്" എന്ന സിനിമയ്‌ക്കുവേണ്ടിയാണ് വയലാർ ഗാനരചനയ്‌ക്ക് ആദ്യക്ഷരം കുറിച്ചത്.

ഈ മനോഹരതീരത്ത് ഒരു ജന്മംകൂടി മോഹിച്ച ആ ഗാനകിന്നരൻ മധുമക്ഷിക പോലുള്ള തന്റെ ഗാനങ്ങളിലൂടെ ജീവിക്കുന്നു. പി.കെ. വിക്രമൻ നായരുടെ ചരമത്തിൽ അനുശോചിക്കാൻ നിമിഷവേഗതയിൽ എഴുതിയ ഒരു കവിതയിൽ ചോദിച്ചതുപോലെ എണ്ണമറ്റ ആരാധകർ മൗനമുദ്രി‌തമായ ചുണ്ടുകളാൽ ചോദിക്കുന്നു.

''കണ്ടുവോ എന്റെ രാജഹംസത്തെ "

ലേഖകന്റെ ഫോൺ: 0471 - 2450429