വിഴിഞ്ഞം: വെള്ളായണി കായലിന് ഇനി പുതിയ മുഖം. കുളവാഴകളുടെയും ആഫ്രിക്കൻ പായലിന്റെയും താമരയുടെയും അമിതമായ വളർച്ച മൂലം അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന ശുദ്ധജല തടാകവും നഗരത്തിലെ പ്രധാന കുടിവെള്ള സ്രോതസുമായ വെള്ളായണി കായലിനെ സംരക്ഷിക്കാൻ ജനകീയ കൂട്ടായ്മ രൂപീകരിച്ചു.
വെങ്ങാനൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പരിസ്ഥിതി സന്നദ്ധ സംഘടനകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും മത്സ്യത്തൊഴിലാളി സംഘത്തിന്റെയും പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കായലിന് ചുറ്റും സൈക്കിൾ പാത നിർമിക്കും. പ്രഭാത – സായാഹ്ന സവാരിക്കായി ഹരിതവീഥിയുടെ നിർമ്മാണം പൂർത്തീകരിച്ച കടവിലേക്കുള്ള റോഡുകളും നടപ്പാതകളും ഗതാഗത യോഗ്യമാക്കിത്തീർക്കാനും പദ്ധതിയുണ്ട്.
ഇതിനായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണം, ടൂറിസം, കൃഷി, പരിസ്ഥിതി, ജലസേചനം, സ്പോർട്സ്, ഫിഷറീസ്, സാംസ്കാരികം – റവന്യൂ – ഗ്രാമവികസനം, വനം, പൊലീസ്, ഫയർഫോഴ്സ് വകുപ്പുകളുടെയും, കുടുംബശ്രീ, നവകേരള മിഷൻ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പരിപാടി, ജൈവ വൈവിദ്ധ്യ ബോർഡ്, മത്സ്യ വികസന ഏജൻസി, കേരള ഇൻസിറ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് സ്റ്റഡീസ്, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, ശുചിത്വ മിഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പാക്കും. അതിനാവശ്യമായ രൂപരേഖയും പദ്ധതിയും തയ്യാറാക്കാൻ ശില്പശാലയും സംഘടിപ്പിക്കും. ഒക്ടോബർ 31ന് രാവിലെ 6 മുതൽ ആരംഭിക്കുന്ന ജനകീയ ശുചീകരണ യജ്ഞത്തിൽ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ – സാമൂഹ്യ – സാംസ്കാരിക പരിസ്ഥിതി സംഘടനകളുടെയും വകുപ്പ് മേധാവികളുടെ സാന്നിദ്ധ്യവും പങ്കാളിത്തവും ഉണ്ടാകും.
31 മുതൽ കുളവാഴ നീക്കം ചെയ്ത് ജനകീയ ശുചീകരണ പരിപാടി ആരംഭിക്കും
നടപ്പിലാക്കുന്നത്
മനോഹാരിത വർദ്ധിപ്പിക്കൽ
പരമ്പരാഗത മത്സ്യങ്ങളുടെ സംരക്ഷണം
ദേശാടനപക്ഷികളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കൽ, നിരീക്ഷണം
ശുദ്ധജല മത്സ്യോല്പാദനം വർദ്ധിപ്പിക്കൽ
ബട്ടർഫ്ലൈ പാർക്ക്
നീന്തൽ പരിശീലനം
ഓപ്പൺ ജിംനേഷ്യം
യോഗ പരിശീലനം
പരിസ്ഥിതി സൗഹൃദ ബോട്ട് യാത്ര
ജൈവ – കുടുംബശ്രീ ഉത്പന്നങ്ങൾ ലഭ്യമാകുന്ന ആഴ്ചച്ചന്ത
ഇക്കോഷോപ്പുകൾ
മാലിന്യം മൂടി വെള്ളായണി
കഴിഞ്ഞ രണ്ട് വർഷമായി വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കായലിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവെങ്കിലും ലോക്ക് ഡൗൺ കാലത്ത് വീണ്ടും കുളവാഴയും മറ്റ് മാലിന്യങ്ങളും കൊണ്ട് ചതുപ്പായി മാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വെങ്ങാനൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച് നവീകരണ പ്രവർത്തനങ്ങൾ ബഹുജന പങ്കാളിത്തത്തോട് കൂടി സംഘടിപ്പിക്കുന്നത്.