enchackal

തിരുവനന്തപുരത്തെ പ്രധാന ജംഗ്‌ഷനുകളിലൊന്നാണ് ഈഞ്ചയ്ക്കൽ. ആരാണ് ആ പേരിട്ടതെന്ന് അറിയില്ല. ദീർഘദൃഷ്ടിയുള്ള ആളാണെന്നതിൽ സംശയമില്ല. കാരണം കുറെനാളായി അവിടെ വാഹനങ്ങൾ ഇഞ്ച് ഇഞ്ചായാണ് നീങ്ങുന്നത്. പകൽ നേരങ്ങളിൽ രാവിലെയും വൈകിട്ടുമുള്ള തിരക്കിൽപ്പെട്ടവർ പിന്നീട് നിവൃത്തിയുണ്ടെങ്കിൽ ആ സമയത്തെ യാത്ര ഒഴിവാക്കും. ട്രാഫിക് സിഗ്‌നൽ ലൈറ്റിന്റെ സമയ നിയന്ത്രണവും ശരിയല്ലെന്ന് ആക്ഷേപമുണ്ട്. അവിടെ മേൽപ്പാലം വരാതെ പ്രശ്നം ഒരിക്കലും തീരില്ല. അനന്തപുരിക്ക് സമീപം വരെയുള്ള മേൽപ്പാലം മുട്ടത്തറ - കല്ലുംമൂട് വരെ നീട്ടി നിർമ്മിക്കാനായിരുന്നു പ്ളാൻ. എന്നാൽ പ്രദേശവാസികളുടെ എതിർപ്പുണ്ടായപ്പോഴാണ് ഹൈവേ അതോറിട്ടി പിന്മാറിയത്. അത് തെറ്റായ തീരുമാനമാണെന്ന് തെളിയിക്കുന്ന തിരക്കാണ് ഇവിടെ ഓരോ ദിവസവും. ഇതിനിടെ ബൈപ്പാസിൽ പൈപ്പ് പൊട്ടിയതിനാൽ ഈഞ്ചയ്ക്കൽ മുതൽ പരവൻകുന്ന് വരെയുള്ള റോഡ് ദേശീയപാതാ അതോറിട്ടി അധികൃതർ അടച്ചിട്ടിട്ട് എട്ട് ദിവസം കഴിഞ്ഞു. അതിനാൽ ഗതാഗതം സർവീസ് റോഡിലൂടെയായി. അവധി ദിവസങ്ങളിൽപ്പോലും ഈഞ്ചയ്ക്കൽ കടക്കാൻ 10 മുതൽ 20 മിനിട്ട്
വരെ കാത്തുകിടക്കണം. മഴപെയ്താൽ മുട്ടത്തറയിലെ സർവീസ് റോഡിലൂടെ വാഹനം ഓടിച്ചുപോകാൻ കഴിയാത്തവിധം വെള്ളക്കെട്ടാണ്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ ബൈപ്പാസിലേക്കും വെള്ളം കയറിയിരുന്നു.

തിരുവല്ലത്ത് ടോൾ കൊടുത്ത് കടന്നുവരുന്ന വാഹനങ്ങളാണ് സർവീസ് റോഡിലേക്ക് തിരിച്ചുവിടുന്നത്. ടോൾ കൊടുത്തവർക്ക് അതിനാൽ ബൈപ്പാസ് ഉപയോഗിക്കാനും കഴിയുന്നില്ല.

നാലുവശത്തുനിന്നും വാഹനങ്ങൾ വരുന്ന ജംഗ്ഷനാണ് ഈഞ്ചയ്ക്കൽ. കിഴക്കേകോട്ടയിൽ നിന്ന് എയർപോർട്ടിലേക്കുള്ള റോഡും ഇതിൽ ഉൾപ്പെടുന്നു. എയർപോർട്ടിലേക്കുള്ള റോഡിൽ കുരുക്കുണ്ടാകാതെ നോക്കേണ്ടത് അധികൃതരാണ്. എന്നാൽ ഇവിടെ വാഹനങ്ങളുടെ ബാഹുല്യം കാരണം അതൊന്നും പാലിക്കാൻ കഴിയുന്നില്ല. പഴയകാലത്ത് പടിഞ്ഞാറേകോട്ടയിൽ നിന്ന് വലിയതുറയിലേക്കുള്ള റോഡ് വളരെ തിരക്ക് കുറഞ്ഞ ഒന്നായിരുന്നു. കാലക്രമേണ ഈ ഭാഗങ്ങളിൽ സർക്കാർ സ്ഥാപനങ്ങളും ഹൗസിംഗ് സൊസൈറ്റികളും മറ്റും കൂടി വന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം വളരെയധികം വർദ്ധിച്ചു. വാഹനങ്ങളുടെ എണ്ണം ഓരോ വർഷം കഴിയുമ്പോഴും കൂടാനാണ് സാദ്ധ്യത. ഇതെല്ലാം അറിയാവുന്നവരാണ് നാഷണൽ ഹൈവേ അതോറിട്ടിക്കാർ. അവർ പ്രാദേശിക എതിർപ്പിന്റെ പേരിൽ മേൽപ്പാലം വേണ്ടെന്ന് തീരുമാനിക്കരുതായിരുന്നു. ഏതു വികസനത്തിനും തുടക്കത്തിൽ ചില പ്രാദേശിക എതിർപ്പുകളൊക്കെ സ്വാഭാവികമാണ്. ചില നിക്ഷിപ്ത താത്‌പര്യക്കാരും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചെന്ന് വരാം. രാഷ്ട്രീയമായ ഇടപെടലുകളുണ്ടാകുമ്പോഴും ജനങ്ങളെ വേണ്ടവിധം അധികൃതർ ബോധവത്‌കരിക്കുമ്പോഴും എതിർപ്പുകൾ കെട്ടടങ്ങുകയാണ് പതിവ്. കഴക്കൂട്ടത്തെ മേൽപ്പാലത്തിനൊപ്പം ഇവിടെയും പണി തുടങ്ങിയിരുന്നെങ്കിൽ രണ്ട് മാസത്തിനുള്ളിൽ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടുമായിരുന്നു. ഹൈവേ അതോറിട്ടിക്ക് ആവശ്യത്തിന് ഫണ്ടുണ്ട്. പോരാത്ത ഫണ്ട് റോഡിൽ നിന്ന് ടോൾ പിരിച്ച് ഉണ്ടാക്കുന്നുമുണ്ട്. അതിനാൽ എത്രയും വേഗം ഈഞ്ചയ്ക്കലിൽ മേൽപ്പാലം പണി തുടങ്ങണം. ഇതിനായുള്ള സമ്മർദ്ദം സർക്കാരിന്റെ ഭാഗത്തുനിന്നുകൂടി ഉണ്ടാകേണ്ടതാണ്.