തിരുവനന്തപുരം: ഗുണനിലവാരം ഉറപ്പാക്കാനുള്ള മാനദണ്ഡമില്ലാത്തതിനാൽ ചിരട്ടപ്പാലിന് റബർ ഉത്പാദക ബോണസ് നൽകാനാവില്ലെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയിൽ പറഞ്ഞു. ഷീറ്റ് റബർ, ലാറ്റക്സ് എന്നിവയ്ക്കുള്ള ഗുണനിലവാരം ചിരട്ടപ്പാലിനില്ലാത്തതിനാൽ 150രൂപ തറവില പ്രഖ്യാപിക്കാനാവില്ല. റബറിന്റെ താങ്ങുവില 150ൽ നിന്ന് 170 ആക്കിയിട്ടുണ്ട്. ഷീറ്റ് റബറിനും ലാറ്റക്സിനും ഇത് ബാധകമാണ്. സബ്സിഡി കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മുടക്കമില്ലാതെ നൽകും. ഇക്കൊല്ലം 500കോടിയാണ് സബ്സിഡിക്കായി വകയിരുത്തിയത്. അഞ്ച് ലക്ഷം റബർ കർഷകർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചിരട്ടപ്പാൽ ഇറക്കുമതി പാടില്ലെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാണി സി. കാപ്പന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.