ഒറ്റയടിക്ക് അഞ്ചു ബില്ലുകളുമായാണ് മന്ത്രി ശിവൻകുട്ടി ഇന്നലെ
സഭയിലെത്തിയത്. അഞ്ച് ബില്ല് കണ്ട് പേടിക്കേണ്ട. നടൻ ശങ്കരാടി പറയുന്നത് പോലെ "ഒരു വാക്ക്,ഒരു വാചകം" അത്രയൊക്കെയേ തിരുത്തേണ്ടതുള്ളൂ. അത് ശരിയാക്കിയാൽ ഇതും കൊണ്ട് പൊയ്ക്കൊള്ളാമെന്ന് മുൻകൂർ ജാമ്യമെടുത്താണ് അദ്ദേഹം അഞ്ച് ബില്ലുകളും അവതരിപ്പിച്ചത്. എന്നാൽ നിരാകരണപ്രമേയവുമായി എഴുന്നേറ്റ ടി.സിദ്ദിഖ് മന്ത്രിയെ ഞെട്ടിച്ചുകളഞ്ഞു.
ഹെഡ്മാസ്റ്ററിന് പകരം വൈസ് പ്രിൻസിപ്പലും ഹെഡ്മിസ്ട്രസുമൊക്കെയാക്കി മാറ്റുന്നത് നിസാരമായി കാണേണ്ടെന്നും, വിദ്യാഭ്യാസമെന്നാൽ എന്തെന്ന് അറിയണമെന്നുമൊക്കെ സിദ്ദിഖ് പറഞ്ഞുതുടങ്ങിയപ്പോഴെ സ്പീക്കർ അപകടം മണത്തു. വിദ്യാഭ്യാസത്തെ ആകെ ഭേദഗതി ചെയ്യുന്നില്ലെന്ന് അദ്ദേഹം ഒാർമ്മിപ്പിച്ചു. സിദ്ദിഖ് അടങ്ങിയില്ല.
ഇരുമ്പുകട്ടിലിൽ ഇരകളെ കൊണ്ടിട്ട് അതിനനുസരിച്ച് നീളം കുറയ്ക്കുകയും കൂട്ടുകയും ചെയ്ത് നശിപ്പിക്കുന്ന ഗ്രീക്ക് മിത്തായ കോറിദായോസ് മലയിലെ "പ്രോക്രസ്റ്റസി"നെപ്പോലെ ഖാദർ കമ്മിറ്റി റിപ്പോർട്ടിനെ നിങ്ങൾക്കിഷ്ടമുള്ളതുപോലെ ആവശ്യമുള്ളപ്പോൾ നീട്ടിയും അല്ലാത്തപ്പോൾ കുറച്ചും നശിപ്പിക്കുന്നത് ശരിയല്ലെന്ന് സിദ്ദിഖ് പറഞ്ഞപ്പോൾ വീണ്ടും ഞെട്ടിയത് മന്ത്രി ശിവൻകുട്ടിയാണ്. പ്രീഡിഗ്രി ബോർഡിനെ എതിർത്ത കാലത്ത് പരീക്ഷാഹാളിൽ കയറി ഗുണ്ടായിസം കാട്ടി പിന്നെ പത്തുവർഷം കഴിഞ്ഞ് പ്ളസ്ടുവെന്ന പേരിൽ നടപ്പാക്കി. ഇപ്പോൾ പ്ളസ്ടുവിനെ സെക്കൻഡറിയിൽ ഉൾപ്പെടുത്താൻ നോക്കിക്കൊണ്ട് രാഷ്ട്രീയം കളിക്കുന്നു എന്നും സിദ്ദിഖ് പറഞ്ഞു. മോദിയുടെ വിദ്യാഭ്യാസ നയപരിഷ്‌കരണത്തെ നിങ്ങൾ തത്വത്തിൽ ടോട്ടലായി അംഗീകരിക്കുന്നുണ്ടോ, ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ മറവിൽ മോദി വിദ്യാഭ്യാസനയം നടപ്പാക്കാനല്ലേ ശ്രമിക്കുന്നത് എന്നൊക്കെയായി സംശയം. പ്രോക്രസ്റ്റസിനെക്കുറിച്ച് പറഞ്ഞിട്ട് സമയം ഇഷ്ടമുള്ളതു പോലെ നീട്ടി പ്രസംഗിക്കുന്നത് ശരിയല്ലെന്ന് സ്പീക്കർ ഒാർമ്മിപ്പിച്ചു.
രണ്ടുപെൻഷൻ വാങ്ങുന്നവർക്ക് ഒരു പെൻഷൻ നിറുത്തലാക്കുന്ന സർക്കാർനയം ശരിയല്ലെന്നും ഭിന്നശേഷി പെൻഷനും വിധവാപെൻഷനും വാങ്ങുന്നവർക്ക് കൂടിയ പെൻഷൻ നിലനിറുത്താൻ പെട്ടെന്ന് വിധവയല്ലാതാകാൻ കഴിയില്ലല്ലോയെന്നും ചൂണ്ടിക്കാട്ടി തിരുവഞ്ചൂർ ഇന്നലെയും വാഗ്‌വാദത്തിൽ മിടുക്കുകാട്ടി.
കോട്ടയം എം.ജി.കോളേജിലെ എ.ഐ.എസ്.എഫ് വനിതാ നേതാവിനെ എസ്.എഫ്.ഐ.ക്കാർ വളഞ്ഞിട്ട് മർദ്ദിച്ച സംഭവം സബ്മിഷനായി ഉന്നയിച്ചപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നിയന്ത്രണംവിട്ടു. വിഷയം പൊലീസിന്റേതായിട്ടും മുഖ്യമന്ത്രി മിണ്ടാതെ മാറിനിന്നു. മറുപടി പറഞ്ഞത് ഉന്നത വിദ്യാഭ്യാസമന്ത്രി. അക്രമങ്ങൾ പരാമർശിക്കാതെ യൂണിവേഴ്സിറ്റി ഇലക്ഷനിലെ നടപടിക്രമങ്ങൾ പരത്തിപ്പറഞ്ഞ മറുപടി കേട്ടപ്പോൾ വി.ഡി.സതീശന് സകലക്ഷമയും നഷ്ടമായി. ഇതെന്ത് മറുപടിയാണ്? ഇതിനാണോ സബ്മിഷൻ അവതരിപ്പിക്കുന്നത് ? ക്ഷുഭിതനായ അദ്ദേഹം ഇന്നലെ രണ്ടാമത്തെ വാക്കൗട്ടും നടത്തി. പോകുമ്പോൾ സി.പി.ഐക്കാരെ നോക്കി 'നിങ്ങൾ ഇതെല്ലാം കേട്ടുകൊണ്ടിരുന്നോ,നിങ്ങൾക്ക് കൂടി നീതികിട്ടാനാണ് ഈ പറയുന്നതെന്ന് 'സൂചിപ്പിക്കാനും മറന്നില്ല. ഞെട്ടിപ്പോയ മന്ത്രി ബിന്ദു വിശദീകരണം നടത്താൻ ശ്രമിച്ച് എഴുന്നേറ്റെങ്കിലും സ്പീക്കർ അടുത്തയാളെ സബ്മിഷന് ക്ഷണിച്ചതോടെ അത് മുങ്ങി.
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത വിഷയത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ ആദ്യ വാക്കൗട്ട്. കോടതിയിലുള്ള വിഷയം സഭയിൽ സംസാരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് സ്പീക്കർവിഷയം എടുത്തതെങ്കിലും സംസാരിച്ച കെ.കെ.രമയ്ക്ക് അധികസമയം കൊടുക്കാതെ സ്പീക്കർ മൈക്ക് ഒാഫ് ചെയ്തത് സഭയിൽ ബഹളത്തിനിടയാക്കി. പ്രതിപക്ഷം പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങിയത് വി.ഡി.സതീശന്റെ നേതൃകാലത്ത് അസാധാരണസംഭവമായി. ബഹളം അധികം നീട്ടാതെ അദ്ദേഹം അംഗങ്ങളെ തിരികെവിളിച്ചെങ്കിലും വാക്കൗട്ട് പ്രസംഗത്തിൽ സർക്കാരിനെയും സി.പി.എമ്മിനെയും ശരിക്ക് കുടഞ്ഞു. നിങ്ങൾ ഇടതുപക്ഷമല്ലേ,തീവ്രവലതുപക്ഷ നിലപാട് കാണിക്കുന്നത് ശരിയാണോ. ഇതെന്ത് പുരോഗമനമാണ് ? യാഥാസ്ഥിതിക പിന്തിരിപ്പന്മാരാണ് നിങ്ങൾ. ഇത് ദുരഭിമാന കുറ്റകൃത്യമാണ്. നിയമസഭയിൽ ബില്ലുകൾ പാസാക്കുമ്പോൾ പരാതിയുണ്ടെങ്കിൽ എ.കെ.ജി.സെന്ററിൽ പറയാനുള്ള ക്ളോസും കൂടി നിങ്ങൾക്ക് എഴുതിച്ചേർക്കാം. പാർട്ടിതന്നെ പൊലീസും കോടതിയും ശിശുക്ഷേമ സമിതിയുമാകുമ്പോൾ ഒന്നേ പറയാനുള്ളൂ ശിശുക്ഷേമസമിതിക്ക് മുന്നിലൂടെ ആരും പോകരുത്. അവർ ചിലപ്പോൾ ആണിനെ പിടിച്ച് പെണ്ണും പെണ്ണിനെ ആണുമാക്കിക്കളയും.