mkl

ആര്യനാട്: മീനാങ്കൽ ഗവ. ട്രൈബൽ ഹൈസ്കൂൾ മന്ദിരത്തിന്റെ പിറകുവശത്തെ സൈഡ് വാൾ തകർന്ന് അഞ്ച് മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ. സ്കൂൾ കെട്ടിടത്തിനു തന്നെ അപകടഭീഷണിയായി നിൽക്കുന്ന സൈഡ് വാൾ അടിയന്തരമായി പുനർനി‌ർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂന്ന് നില കെട്ടിടത്തിന്റെ പിൻഭാഗത്തെ വലിയ കരിങ്കൽക്കെട്ടാണ് ഏകദേശം10 മീറ്ററോളം ദൂരത്തിൽ ഇടിഞ്ഞുവീണത്.

അപകടഭീഷണി മുന്നിൽക്കണ്ട് പി.ടി.എ ഭാരവാഹികളും സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടിട്ടും യാതൊരു പരിഹാരനടപടിയും ഉണ്ടായില്ല. ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളിൽ പ്രസിഡന്റും ഡിവിഷൻ മെമ്പറും നേരിട്ടെത്തി കാര്യങ്ങൾ മനസിലാക്കി പോയിട്ട് മാസങ്ങളായി.

ആര്യനാട് പഞ്ചായത്ത് 10 ലക്ഷം രൂപയുടെ എക്സ്റ്റിമേറ്റ് എടുത്തതെ‌ാഴിച്ചാൽ പിന്നെ ഒരു നടപടിയും ഉണ്ടായില്ല. കരിങ്കൽക്കെട്ട് നിർമ്മിക്കാത്തതിനാൽ 18 ഹൈടെക് ക്ലാസ് റൂം ഉൾപ്പെടുന്ന കെട്ടിടത്തിന് ഇതുവരെ ഫിറ്റ്നസ് ലഭിച്ചിട്ടില്ല. കൂടാതെ സ്കൂൾ തുറന്നാലും പിൻവശത്തെ തകർന്ന കെട്ട് പുനർനിർമിക്കാതെ കെട്ടിടത്തിൽ കുട്ടികളെ ഇരുത്താനും കഴിയില്ല. സ്കൂളിന്റെ പാചകപ്പുരയും പെ‌ാളിഞ്ഞു. ജില്ലാപഞ്ചായത്ത് ആറ് ലക്ഷം രൂപ വിനിയോഗിച്ച് നിർമിക്കുന്ന സ്കൂൾ കവാടത്തിന്റെ ജോലികളും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.