സാമ്പത്തിക വർഷത്തിൽ ഏഴുമാസം കഴിയുമ്പോഴും പഞ്ചായത്ത് മുതൽ കോർപ്പറേഷൻ വരെയുള്ള തദ്ദേശസ്ഥാപനങ്ങൾ അനുവദിക്കപ്പെട്ട ബഡ്ജറ്റ് വിഹിതത്തിൽ പതിനെട്ട് ശതമാനം മാത്രമാണ് ചെലവഴിച്ചിട്ടുള്ളതെന്ന വെളിപ്പെടുത്തലിൽ ആശ്ചര്യം തോന്നേണ്ടതില്ല. എത്രയോ വർഷങ്ങളായി കണ്ടുവരുന്ന പ്രവണതയാണിത്. ഈ വർഷം കൊവിഡ് ഒരു കാരണമായി പറയാമെന്നു മാത്രം.
വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പണമില്ലെന്നു പറയുകയും അതേസമയം അനുവദിക്കപ്പെട്ട ഫണ്ട് ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന വിചിത്ര പ്രതിഭാസമാണിത്. ഗ്രാമപ്പഞ്ചായത്തുകൾക്ക് നടപ്പുവർഷത്തെ ബഡ്ജറ്റിൽ 3350 കോടി രൂപയാണ് വകകൊള്ളിച്ചിരുന്നത്. അതിൽ എഴുന്നൂറു കോടി മാത്രമാണ് വിവിധ പദ്ധതികൾക്കായി ചെലവഴിക്കാനായത്. മുനിസിപ്പാലിറ്റികൾ, ബ്ളോക്ക് പഞ്ചായത്ത്, ജില്ലാപ്പഞ്ചായത്ത്, കോർപ്പറേഷൻ എന്നിവയുടെ സ്ഥിതിയും വ്യത്യസ്തമല്ലെന്ന് കണക്കുകൾ പരിശോധിക്കുമ്പോൾ ബോദ്ധ്യമാകും. എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കുമായി ബഡ്ജറ്റ് വിഹിതം 6306 കോടി രൂപ നീക്കിവയ്ക്കുന്നതായി ധനമന്ത്രി ബഡ്ജറ്റ് പ്രസംഗത്തിൽ വലിയ അഭിമാനത്തോടെയാണു പ്രഖ്യാപിച്ചത്. നാടിന്റെ മുഖച്ഛായ കുറച്ചെങ്കിലും മാറ്റിയെടുക്കാൻ ഉപകരിക്കുമായിരുന്ന ഈ തുകയുടെ അഞ്ചിലൊന്നു പോലും ചെലവഴിക്കാനായില്ലെന്ന സത്യാവസ്ഥ വേദനാജനകമാണ്. മഹാമാരി കാരണം ഗ്രാമസഭകളും വാർഡ് സഭകളും കൂടാൻ കഴിയാത്തത് പദ്ധതി ആസൂത്രണത്തെയും നിർവഹണത്തെയും ബാധിച്ചുവെന്നു സമ്മതിക്കാം. വേണമെന്ന് വിചാരിച്ചിരുന്നെങ്കിൽ അവശ്യം വികസന പദ്ധതികൾ ഏറ്റെടുത്തു നടത്താവുന്നതേ ഉണ്ടായിരുന്നുള്ളൂ. നിർമ്മാണ പ്രവർത്തനങ്ങൾ കൊവിഡ് കാലത്തും പൂർണമായി നിരോധിച്ചിരുന്നില്ല. പ്രതിസന്ധിയിലും വികസന പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് നാടിന് പുരോഗതിയുണ്ടാകുന്നത്.
മാർച്ച് 31 നകം ബഡ്ജറ്റ് വിഹിതത്തിൽ ശേഷിക്കുന്ന 5118 കോടി രൂപയാണ് തദ്ദേശസ്ഥാപനങ്ങൾ ചെലവഴിച്ചു തീർക്കേണ്ടത്. ഇപ്പോഴത്തെ പോക്കുകണ്ടാൽ ലക്ഷ്യം പ്രാപിക്കാൻ വിദൂരസാദ്ധ്യത പോലുമില്ല. ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും തദ്ദേശ സ്ഥാപനങ്ങളുടെ അടിയന്തര ശ്രദ്ധ പതിയേണ്ട ഒട്ടേറെ മേഖലകളുണ്ട്. റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, ദുർബല വിഭാഗങ്ങൾക്കുള്ള ഭവനനിർമ്മാണ പദ്ധതികൾ തുടങ്ങി എത്രയോ മേഖലകൾ തദ്ദേശസ്ഥാപനങ്ങളെ പ്രതീക്ഷിച്ചു കാത്തിരിപ്പുണ്ട്. രാജ്യത്ത് ആദ്യമായി ജനകീയാസൂത്രണ ആശയം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. അതിന്റെ പ്രയോജനം പരക്കെ ഉണ്ടായിട്ടുണ്ടെന്നുള്ളത് ശരിയാണ്. മുപ്പതു ഗ്രാമപഞ്ചായത്തുകളിലെ ഫണ്ട് വിനിയോഗം പത്തുശതമാനത്തിൽ താഴെയാണത്രെ. ഇതിൽത്തന്നെ ഇടുക്കിയിലെ വട്ടവട പഞ്ചായത്തിന് 3.4 ശതമാനം തുകയേ പദ്ധതിയിനത്തിൽ ചെലവഴിക്കാനായുള്ളൂ. മുനിസിപ്പാലിറ്റികൾ മാത്രമല്ല കോർപ്പറേഷനുകളും ഫണ്ട് വിനിയോഗത്തിൽ പിന്നിൽത്തന്നെയാണ്. തലസ്ഥാനത്ത് ഫണ്ട് വിനിയോഗിക്കാൻ ഏറെ പദ്ധതികളുണ്ടായിട്ടും തിരുവനന്തപുരം കോർപ്പറേഷനാണ് ഏറ്റവും പിന്നാക്കം പോയത്.
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ഉപകരിക്കേണ്ട പണമാണ് തദ്ദേശസ്ഥാപനങ്ങളുടെ കെടുകാര്യസ്ഥതയാൽ വെറുതേ കിടക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾക്ക് സമയാസമയങ്ങളിൽ ബഡ്ജറ്റ് വിഹിതം ലഭ്യമാക്കാൻ വേണ്ടിയാണ് സർക്കാർ ബഡ്ജറ്റ് അവതരണം നേരത്തെയാക്കിയത്. എന്നാൽ പല കാരണങ്ങളാൽ ബഡ്ജറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ താമസം നേരിടുമ്പോൾ അത് ഫണ്ട് വിതരണത്തെയും ബാധിക്കുന്നു. അങ്ങനെ വരുമ്പോൾ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം നീളാൻ പരോക്ഷമായി സർക്കാരും ഉത്തരവാദിയാണ്.
കൊവിഡ് പ്രതിസന്ധിയിൽനിന്ന് ഏറക്കുറെ സംസ്ഥാനം മോചിതമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അലംഭാവം വെടിഞ്ഞ് വികസന യത്നങ്ങൾ ഉൗർജ്ജിതമാക്കാൻ തദ്ദേശസ്ഥാപനങ്ങൾ ശ്രമിക്കണം. ഫണ്ടില്ലെന്ന സ്ഥിരം പല്ലവിയുടെ പൊള്ളത്തരം പൊളിച്ചുകാട്ടുന്നതാണ് ചെലവഴിക്കപ്പെടാതെ കിടക്കുന്ന 5118 കോടി രൂപ. തദ്ദേശസ്ഥാപനങ്ങൾ നിധികാക്കുന്ന ഭൂതങ്ങളാകരുത്.