തിരുവനന്തപുരം: അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവം ഇന്നലെ നിയമസഭയെ പ്രക്ഷുബ്‌ധമാക്കി. കെ.കെ. രമയാണ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാതെ രമയുടെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വച്ചു. മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ടും ശിശുക്ഷേമ സമിതിയെ ന്യായീകരിച്ച മന്ത്രി വീണാജോർജിന്റെ നിലപാടിൽ പ്രതിഷേധിച്ചും വാക്കൗട്ട് നടത്തി.
മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മയിൽ നിന്ന് എടുത്തു മാറ്റാൻ ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ക്രിമിനൽ ഗൂഢാലോചന നടത്തിയതായി രമ ആരോപിച്ചു. സി.പി.എം നേതാക്കളുൾപ്പെട്ട കുടുംബത്തിനൊപ്പം കുറ്രകൃത്യത്തിന് എല്ലാ സർക്കാർ സംവിധാനങ്ങളും കൂട്ടുനിന്നു. പരാതിയുമായെത്തിയ അമ്മയോട്, നിന്റെ കുഞ്ഞാണ് എന്നതിന് തെളിവ് എന്താണെന്നാണ് പൊലീസ് ചോദിച്ചത്. ഉന്നതതല രാഷ്ട്രീയ-ഭരണ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ജുഡിഷ്യൽ അന്വേഷണം ആവശ്യമാണ്. എല്ലാ ക്രമക്കേടുകൾക്കും ചുക്കാൻ പിടിച്ച ശിശുക്ഷേമ സമിതി പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ടു.
10 മിനിറ്റ് കഴിഞ്ഞയുടൻ പ്രസംഗം ചുരുക്കാൻ ശ്രമിച്ചെങ്കിലും രമയുടെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു.
ഇതോടെ ഷാഫി പറമ്പിൽ, ഐ.സി. ബാലകൃഷ്ണൻ, റോജി എം.ജോൺ, അൻവർ സാദത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിപക്ഷാംഗങ്ങൾ ബഹളവുമായി എഴുന്നേറ്റു. ഇതിനിടെ മന്ത്റി വീണാജോർജ് മറുപടി പ്രസംഗം തുടങ്ങി. തുടർന്നാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. സ്പീക്കറുടെ ഡയസിന് മുന്നിലെത്തി മുദ്റാവാക്യം മുഴക്കി. പത്തുമിനിറ്റോളം ബഹളം തുടർന്നു. പ്രതിപക്ഷ നേതാവിന്റെ നിർദേശത്തെ തുടർന്നാണ് സീറ്റുകളിലേക്ക് അംഗങ്ങൾ മടങ്ങിയത്.
പത്രപരസ്യം കണ്ട് അമ്മയെത്തിയപ്പോൾ അങ്ങനെയൊരു കുഞ്ഞില്ലെന്നായിരുന്നു ശിശുക്ഷേമസമിതിയുടെ മറുപടിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. സമിതിയിലെ സിസി ടിവി ദൃശ്യങ്ങൾ നശിപ്പിച്ചെന്നും പറഞ്ഞു.
"
അനുപമയുടെ കുട്ടിയാണെന്ന് ഇപ്പോഴും തെളിഞ്ഞിട്ടില്ല. കുട്ടിയെ ദത്തു നൽകുന്നതിൽ ശിശുക്ഷേമ സമിതിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും ഒരു പിഴവും സംഭവിച്ചിട്ടില്ല.
-വീണാജോർജ്, ആരോഗ്യമന്ത്രി
"
അമ്മയുടെ സമ്മതമില്ലാതെ ലഭിച്ച ആൺകുട്ടിയെ പെൺകുട്ടിയാക്കിയ മാജിക്കാണ് ശിശുക്ഷേമസമിതിയിൽ കണ്ടത്. സമിതി ചെയർമാനായ മുഖ്യമന്ത്റി ഇക്കാര്യങ്ങളെല്ലാം അറിയേണ്ടതല്ലേ?
-വി.ഡി. സതീശൻ, പ്രതിപക്ഷനേതാവ്