വിതുര: തുടരെയുള്ള മഴയിൽ ഏതുനിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലാണ് വിതുര ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ. പൊട്ടിപ്പൊളിഞ്ഞ ചുമരുകളോടുകൂടിയ സ്റ്റേഷൻ മഴപെയ്താൽ വെള്ളത്തിൽ മുങ്ങും. ഫയലുകൾ നനഞ്ഞുകുതിരും,​ പരിമിതികൾക്കും പരാധീനതകൾക്കും നടുവിലാണ് വർഷങ്ങളായി സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 2014 ലാണ് വിതുരയിൽ ഫയർസ്റ്റേഷൻ അനുവദിച്ചത്. ഏഴ് വർഷം കഴിഞ്ഞിട്ടും സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ല. വിതുര ജനമൈത്രി പൊലീസ് സ്റ്റേഷന്റെ അധീനതയിലുള്ള 40 സെന്റ് സ്ഥലത്താണ് പ്രതിസന്ധികൾക്കിടയിൽ ഫയർസ്റ്റേഷൻ പ്രവർത്തിക്കുന്നത്. ക്വാർട്ടേഴ്സായി പ്രവർത്തിച്ചിരുന്ന രണ്ട് കുടുസുമുറികളിലാണ് ഫയർ സ്റ്റേഷൻ നിലവിൽ പ്രവർത്തിക്കുന്നത്.

കാലപ്പഴക്കം ചെന്ന കെട്ടിടമാണിത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം സ്റ്റേഷന്റെ പ്രവർത്തനം തന്നെ താളം തെറ്റിയ നിലയിലാണ്. 40 പേരാണ് വിതുര ഫയർസ്റ്റേഷനിൽ ഡ്യൂട്ടി നോക്കുന്നത്. ഇവർക്ക് നിന്നുതിരിയാൻ പോലും സ്ഥലമില്ല. പുതിയ മന്ദിരം ഉടൻ നിർമ്മിക്കുമെന്ന് ഉദ്ഘാടനവേളയിൽ പ്രഖ്യാപനം നടത്തിയെങ്കിലും വാഗ്ദാനം കടലാസിലാണ്. ഫയർ സ്റ്റേഷന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

**ഫയർസ്റ്റേഷൻ അനുവദിച്ചത്..... 2014ൽ

1. പുതിയമന്ദിരം നിർമ്മിക്കും

വിതുര ഫയർ ആൻഡ് റെസ്ക്യൂസ്റ്റേഷന് പുതിയമന്ദിരം നിർമ്മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ നിയമസഭയിൽ അറിയിച്ചു. ഫയർസ്റ്റേഷന് പുതിയ മന്ദിരം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജി. സ്റ്റീഫൻ എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. പുതിയ മന്ദിരം നിർമ്മിക്കുന്നതിനായി പഞ്ചായത്ത് തൊളിക്കോട്, വിതുര വില്ലേജുകളിലായി സ്ഥലം കണ്ടെത്തി നൽകണം. നിലവിൽ ഫയർഫോഴ്സ് മന്ദിരം പ്രവർത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കാൻ കഴിയില്ല. സ്ഥലം കണ്ടെത്തിനൽകിയാൽ ഉടൻ പുതിയമന്ദിരം നിർമ്മിക്കും.

***

വിതുര ഫയർ സ്റ്റേഷന് അടിയന്തരമായി മന്ദിരം നിർമ്മിക്കണം. നിലവിലുള്ള പൊലീസ് സ്റ്റേഷൻ വക സ്ഥലം കെട്ടിടം നിർമ്മിക്കാൻ ഏറ്റവും അനുയോജ്യമാണ്. ഇതിന് സാങ്കേതിക തടസമുണ്ടെങ്കിൽ പഞ്ചായത്ത് ഉടൻ സ്ഥലം കണ്ടെത്തി നൽകണം സത്വരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

ഫെഡറേഷൻസ് ഒഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാകമ്മിറ്റി ഭാരവാഹികൾ