'കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചത്'
ശിശുക്ഷേമ സമിതി ദത്തുനൽകിയ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച നിലയിൽ കിട്ടിയതാണ്. കുട്ടി അനുപമയുടേത് തന്നെയാണെന്ന് ഇനിയും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. കുഞ്ഞ് അവരുടേതെന്നു വ്യക്തമായാൽ അവർക്കു തന്നെ ലഭിക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കും. അമ്മ വളർത്താൻ തയ്യാറാണെങ്കിൽ ഒപ്പം കുഞ്ഞുമുണ്ടാവും. ഇതുവരെയുള്ള നടപടികളെല്ലാം നിയമപരവും മാനദണ്ഡങ്ങൾ പാലിച്ചുള്ളതുമാണ്. സർക്കാരിന് ഒരു അവ്യക്തതയുമില്ല.
-മന്ത്രി വീണാജോർജ്
'അമ്മ അറിയാതെ കൈമാറിയത്'
അമ്മയറിയാതെ കുട്ടിയെ ബന്ധുക്കൾ സമിതിക്ക് കൈമാറിയതാണ്. ചാനൽ ചർച്ചകളിൽ അനുപമയുടെ പിതാവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കുഞ്ഞിനെ അമ്മയിൽ നിന്ന് എടുത്തുമാറ്റിയ ക്രൂരകൃത്യം ചെയ്തവരെ ന്യായീകരിക്കുകയാണ് മന്ത്രി. കുഞ്ഞിനെ കിട്ടിയ ദിവസം അമ്മത്തൊട്ടിൽ മാറ്റി സ്ഥാപിക്കുകയായിരുന്നു. എന്നിട്ടും അതിലാണ് കുഞ്ഞിനെ കിട്ടിയതെന്ന് രേഖപ്പെടുത്തി പെൺകുട്ടിയാണെന്ന് വരുത്താൻ മലാല എന്ന് പേരുമിട്ടു. അമ്മയുടെ കൈയിൽ നിന്നല്ലാതെ കുട്ടിയെ ഏറ്റെടുക്കാൻ ശിശുക്ഷേമസമിതിയുടെ നിയമങ്ങൾ അനുവദിക്കുന്നില്ല. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ആന്ധ്രാസ്വദേശികളായ ദമ്പതികൾക്കു ദത്ത് നൽകുകയും ചെയ്ത സമിതിയുടെ നടപടി ക്രിമിനൽ കുറ്റവും ഗൂഢാലോചനയുമാണ്. ദത്ത് നടപടിയുടെ ഭാഗമായി പത്രപരസ്യം നൽകിയപ്പോൾ, തന്റെ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു അനുപമ സമിതിയെ സമീപിച്ചു. എന്നാൽ, സെക്രട്ടറി മടക്കി അയച്ചു. സംഭവം വിവാദമായതിനുശേഷം ദത്തു നടപടി സ്ഥിരപ്പെടുത്താനും നീക്കം നടന്നു. ഇതും നിയമവിരുദ്ധവും ക്രിമിനൽ കേസിന്റെ പരിധിയിൽ വരുന്നതുമാണ്.
-പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ