വെമ്പായം: കിണറ്റിൽ വീണ മ്ലാവിനെ (കലമാൻ) ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പിരപ്പൻകോട് വാധ്യാരുകോണത്ത് തടത്തരികത്ത് വീട്ടിൽ ക്ലാവിഡിന്റെ കിണറ്റിലാണ് കഴിഞ്ഞ ദിവസം രാവിലെ 10ഓടെ മ്ലാവ് വീണത്. തുടർന്ന് വീട്ടുകാർ വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. 40 അടി ആഴമുള്ളതും,15 അടിയോളം വെള്ളം ഉള്ളതുമായ കിണറ്റിലകപ്പെട്ട മ്ലാവ് അക്രമവാസന കാട്ടിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
മ്ലാവിന്റെ ആക്രമണത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ അജിത്കുമാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. വെഞ്ഞാറമൂട് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ.ടി. ജോർജ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി. അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിബിൻ ഗിരീഷ് കിണറ്റിലിറങ്ങി കലമാനെ നെറ്റിന് അകത്താക്കി കിണറ്റിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് പാലോട് ഫോറസ്റ്റ് ഓഫീസിൽ നിന്ന് എത്തിയ വനപാലകർക്ക് കലമാനെ കൈമാറി. രക്ഷാപ്രവർത്തനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുമിത്ത്, സജിത്ത് കുമാർ, ഹോംഗാർഡുമാരായ സതീശൻ, സുരേഷ് എന്നിവർ പങ്കെടുത്തു. സമീപത്ത് വനം ഇല്ലാത്ത സ്ഥിതിക്ക് നദിയിലെ ഒഴുക്കിൽപ്പെട്ട് വന്നതാകാമെന്ന് പാലകർ പറഞ്ഞു.