ksrtc

തിരുവനന്തപുരം: പ്രത്യേക ബോണ്ട് സർവീസ് നടത്താമെന്ന കെ.എസ്.ആർ.ടി.സിയുടെ വാക്ക് കേട്ട് സമീപിച്ച സ്കൂൾ അധികൃതർക്ക് കിട്ടിയത് കൊള്ള നിരക്കിന്റെ കണക്ക്. പത്ത് കിലോമീറ്റർ അകലെയുള്ള കുട്ടികളെ എത്തിക്കാൻ ബസൊന്നിന് പ്രതിദിനം 6,000 രൂപ നൽകണം. പത്ത് കിലോമീറ്റിനു താഴെയെങ്കിൽ 5,400 രൂപ. ഒരു മാസത്തെ തുക മുൻകൂറായും വേണം. 24 പ്രവൃത്തിദിനം കണക്കാക്കിയാൽ മുൻകൂട്ടി നൽകേണ്ടത് മാസം 1,44,000, 1,29,600 രൂപ വീതം.

5 കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തുന്ന വിദ്യാർത്ഥി പ്രതിദിനം യാത്രയ്ക്ക് നൽകേണ്ടത് 108 രൂപ. മാസത്തിൽ 2,592 രൂപയാകും. 10 കിലോ മീറ്ററാകുമ്പോൾ ഒരു ദിവസം 120 രൂപ, മാസം 2,880 രൂപ.

എയ്‌ഡഡ് സ്കൂളുകൾ അവരുടെ ബസിൽ അവസാനം ഈടാക്കിയിരുന്ന ശരാശരി നിരക്ക് അഞ്ച് കിലോമീറ്ററിന് 500 രൂപയും പത്ത് കിലോമീറ്ററിന് 750- 1000 രൂപയുമാണ്.

മൂന്നു മാസത്തെ തുക അഡ്വാൻസായി വാങ്ങാനായിരുന്നു കെ.എസ്.ആർ.ടി.സി ആദ്യം തീരുമാനിച്ചിരുന്നത്. ഇന്നലെയാണ് ഒരു മാസത്തെ തുക മതിയെന്ന് മാറ്രിയത്.
600 ബസുകളാണ് സ്കൂൾ സർവീസിനായി റെഡിയാക്കിയിട്ടുള്ളത്. ഡ്രൈവറും കണ്ടക്ടറും ബസിലുണ്ടാകും. ഇന്ധന ചാർജ്, ജീവനക്കാരുടെ ശമ്പളം എന്നിവ ഉൾപ്പെടെ കണക്കാക്കിയാണ് നിരക്ക് നിശ്ചയിച്ചതെന്നാണ് വിശദീകരണം.

 സർക്കാരിന്റെ ഇരട്ടത്താപ്പ്, കുട്ടികൾ വലയും

സ്കൂൾ ബസുകളിൽ ഒരു സീറ്റിൽ ഒരു വിദ്യാർത്ഥി മതിയെന്നാണ് സർക്കാർ നിബന്ധന. എന്നാൽ, കെ.എസ്.ആ‌ർ.ടി.സിയിൽ മുഴുവൻ സീറ്റിലുമാവാം. ഒരു ബസിൽ 50 വിദ്യാർത്ഥികൾ വരെ. 1250 സ്കൂളുകളാണ് ബോണ്ട് സർവീസിനായി കെ.എസ്.ആർ.ടിസിയെ സമീപിച്ചത്. ‌കഴുത്തറുപ്പൻറേറ്റ് കേട്ടത്തോടെ മിക്കവരും പിൻവാങ്ങി. പകുതി കുട്ടികളെ വച്ചെങ്കിൽ വൻ സാമ്പത്തിക ബാദ്ധ്യതയാകുമെന്നു പറഞ്ഞ് സ്കൂൾ ബസ് ഓടിക്കാനും തയ്യാറല്ല. ഇതോടെ, കുട്ടികൾ നട്ടംതിരിയുമെന്നുറപ്പായി. വല്ലപ്പോഴുമുള്ള സർവീസ് ബസ് മാത്രമാകും ആശ്രയം. സ്റ്റുഡന്റ്‌സ് ഓൺലി ഓടിക്കില്ലെന്നും കെ.എസ്.ആർ.ടി.സി പറയുന്നു.

കൊള്ള നിരക്ക് അംഗീകരിക്കാനാകില്ല. സ്കൂൾ ബസിൽ മുഴുവൻ സീറ്റിലും കുട്ടികളെ അനുവദിക്കണം. റൂട്ട് സർവീസിൽ മറ്റുള്ളവർക്കൊപ്പം വരുന്ന കുട്ടികളും സ്കൂൾ ബസിൽ ഒരു സീറ്റിൽ ഒരാളെന്ന കണക്കിൽ വരുന്നവരും ക്ളാസിൽ ഇടപഴകുന്നത് ഒരുമിച്ചല്ലേ!

- മണി കൊല്ലം, ജനറൽ സെക്രട്ടറി,

എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോ.