തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതോടനുബന്ധിച്ച് 650 കെ.എസ്.ആർ.ടി.സി ബസ് കൂടി സർവീസ് ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു. ഇതോടെ കുട്ടികളുടെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ 3,300 ബസുകളാണ് സർവീസ് നടത്തുന്നത്. സംസ്ഥാനത്ത് 22,718 സ്കൂൾ ബസുകളാണുള്ളത്. എന്നാൽ 2,828 ബസുകൾ മാത്രമാണ് ക്ഷമതാ പരിശോധനയ്ക്ക് തയ്യാറായിട്ടുള്ളത്. ഇതിൽ 1,022 ബസുകൾക്ക് ക്ഷമതാ സർട്ടിഫിക്കറ്റും നൽകി. എട്ട്, ഒൻപത്, 11 ക്ലാസുകളിൽ അദ്ധ്യയനം ആരംഭിക്കുന്നില്ല. അതിനാൽ പല സ്കൂളുകളും ഇപ്പോൾ ബസ് ഇറക്കുന്നതിന് തയ്യാറല്ല. സ്കൂൾ ബസുകൾക്ക് രണ്ടുവർഷത്തെ നികുതി പൂർണമായി ഒഴിവാക്കി. ഇതിന്റെ ഉത്തരവ് ഉടൻ ഇറങ്ങും. സ്കൂൾ ബസുകളുടെ അറ്റകുറ്റപ്പണിക്ക് കെ.എസ്.ആർ.ടി.സിയുടെ വർക് ഷോപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളിലും ബസ് ഓൺ ഡിമാന്റ്
ബസ് ഓൺ ഡിമാൻഡ് പ്രകാരം സംസ്ഥാനത്തെ ആയിരത്തിലേറെ സ്കൂളുകൾ കെ.എസ്.ആർ.ടി.സി ബസ് സർവീസിനായി അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. നിലവിൽ മാനേജ്മെന്റുകൾ ഈടാക്കുന്നതിൽ മൂന്നിലൊന്ന് പണത്തിന് കുട്ടികളെ സ്കൂളിൽ എത്തിക്കാൻ ഇതിലൂടെ സാധിക്കും. കൊവിഡിന് മുൻപ് 3,63,000 വിദ്യാർത്ഥികൾക്ക് കെ.എസ്.ആർ.ടി.സിയിൽ കൺസെഷൻ ലഭിച്ചിരുന്നു. കൺസെഷൻ നിഷേധിക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിക്കും. കുട്ടനാട് പോലുള്ള മേഖലകളിൽ കുട്ടികൾക്ക് സ്കൂളിൽ പോകാൻ സ്കൂൾ സമയം ക്രമീകരിച്ച് ബോട്ടുകൾ ഓടിക്കുന്നതിനായി സംസ്ഥാന ജലഗതാഗത വകുപ്പിന് നിർദ്ദേശം നൽകുമെന്ന് ആന്റണി രാജു നിയമസഭയിൽ അറിയിച്ചു.
ഗ്രാമവണ്ടികൾ ഏപ്രിലിൽ
അടുത്ത വർഷം ഏപ്രിലോടെ ഗ്രാമവണ്ടികൾ ആരംഭിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ബഡ്ജറ്റ് പ്രഖ്യാപനങ്ങളോടനുബന്ധിച്ചായിരിക്കും പദ്ധതി അന്തിമമായി പ്രഖ്യാപിക്കുക. ഇതിനായി അഞ്ചംഗ സബ് കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട‌്. തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച തെർമൽ സ്കാനറുകൾ കളക്ടറേറ്റുകളിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇവ സ്കൂളുകൾക്ക് നൽകുന്നതിന് ആരോഗ്യവകുപ്പുമായി ചർച്ച നടത്തും. സംസ്ഥാനത്ത് ഒക്ടോബർ 16 വരെ 10,146 ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.