തിരുവനന്തപുരം: തൊഴിൽ വകുപ്പുമായി ചേർന്ന് വിദ്യാർത്ഥികൾക്ക് ഏൺ വൈൽ യു ലേൺ പദ്ധതി നടപ്പാക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രാരംഭനടപടി തുടങ്ങിയെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയെ അറിയിച്ചു. പഠനത്തോടൊപ്പം സമ്പാദ്യശീലം വളർത്തുകയാണ് ലക്ഷ്യം. കോളേജിലെ പഠനസമയത്തിനുശേഷം ജോലി ചെയ്യാൻ അനുവദിക്കും. താത്പര്യമുള്ള കുട്ടികൾക്ക് ആദ്യഘട്ടത്തിൽ കോളേജ് ഹോസ്റ്റലിലെ ജോലികൾ നൽകും. പ്രതിഫലം തൊഴിൽ വകുപ്പ് നിശ്ചയിക്കും. മറ്റ് പാർട്ട് ടൈം ജോലികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
എൻജിനിയറിംഗ് വ്യവസായ ബന്ധിതമാക്കും
എൻജിനിയറിംഗ് വിദ്യാഭ്യാസം കൂടുതൽ വ്യവസായ ബന്ധിതമാക്കുന്നതിനായി ഇൻഡസ്ട്രിയൽ ഇലക്ടീവ്സ് ബി.ടെക് കരിക്കുലത്തിൽ ഉൾപ്പെടുത്തിയതായി മന്ത്രി ആർ. ബിന്ദു അറിയിച്ചു. അദ്ധ്യാപകരുടെ യോഗ്യത കുറവ് കാരണം എൻജിനിയറിംഗ് പഠനനിലവാരം കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
എൻജിനിയറിംഗ് വിഷയങ്ങൾ മലയാളത്തിലേക്ക് തർജമ ചെയ്യാൻ സമയമെടുക്കും. സാങ്കേതിക പദങ്ങൾ മലയാളത്തിലേക്ക് തർജമ ചെയ്യേണ്ടതുണ്ട്. എൻജിനിയറിംഗിനിടെ കൊഴിഞ്ഞുപോകുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന ബി വോക് സർട്ടിഫിക്കറ്റുകൾ പി.എസ്.സിയും മറ്റു സർവകലാശാലകളും അംഗീകരിക്കാത്തത് പരിശോധിക്കും. തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ബി. വോക് കോഴ്സ് റഗുലേഷന് സർവകലാശാല അന്തിമ രൂപം നൽകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.