prasad

തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് ശുപാർശകൾ സമർപ്പിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയിൽ അറിയിച്ചു. കാർഷികോത്പാദന ക്ഷമത, ഉത്പന്ന സംഭരണം, ഉത്പന്നങ്ങളുടെ വില, മൂല്യവർദ്ധിത പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം എന്നിവയുടെ വർദ്ധന സംബന്ധിച്ചും ശുപാർശ സമർപ്പിക്കും. മുഖ്യമന്ത്രിയാണ് സമിതിയുടെ അദ്ധ്യക്ഷൻ. കൃഷി, തദ്ദേശ, സഹകരണ, ധന, വ്യവസായ വകുപ്പ് മന്ത്രിമാർ അംഗങ്ങളാണ്. കൃഷിഭവനുകളെ കർഷകരുടെ സഹായ കേന്ദ്രങ്ങൾ എന്ന നിലയിലേക്ക് ഉയർത്തുന്നതിനായി സ്മാർട്ട് കൃഷിഭവൻ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.

 'ആവശ്യം 529 കോടി കോഴി മുട്ട'

സംസ്ഥാനത്ത് മുട്ട ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനായില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് ഒരു വർഷം 529 കോടി കോഴി മുട്ട ആവശ്യമാണെന്നാണ് കണക്ക്. നിലവിൽ ആഭ്യന്തര മുട്ട ഉത്പാദനം 218.12 കോടി ആണ്. 300 കോടി കോഴിമുട്ടകളും 40 കോടി താറാവ് മുട്ടകളും പ്രതിവർഷം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതുവഴി 1500 കോടിയാണ് ഇതര സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത്.

കൊവിഡ് പ്രതിസന്ധിമൂലം ആറ് മാസത്തിന്റെ ഇടവേളയിൽ നൽകേണ്ടിയിരുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് മുടങ്ങി. ആദ്യഘട്ട കുത്തിവയ്പ്പ് കഴിഞ്ഞ് ഒന്നര വർഷത്തിന് ശേഷമാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. ഒക്ടോബർ ആറ് മുതൽ രണ്ടാംഘട്ട വാക്സിനേഷൻ ആരംഭിച്ചു. ഒക്ടോബർ, നവംബർ മാസങ്ങളിൽ കുളമ്പ് രോഗ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.