secretariat

തിരുവനന്തപുരം: നികുതിയുടെ പേരിൽ സ്വർണ വ്യാപാരികളെ പീഡിപ്പിക്കുന്ന ജി.എസ്.ടി ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് ധർണ നടത്തുമെന്ന് പ്രസിഡന്റ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളി, ട്രഷറർ എസ്.അബ്ദുൽ നാസർ എന്നിവർ അറിയിച്ചു.

സ്വർണ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ ജി.എസ്.ടി ഉദ്യോഗസ്ഥർ തമ്പടിച്ച് ഉപഭോക്താക്കളെയും, പൊതുജനങ്ങളെയും പരിശോധിക്കുകയാണ്. സ്വർണപ്പണിക്കാരുടെ പണി തടസപ്പെടുത്തുന്നു. നിർമ്മാണ ശാലകളിൽ നിന്നും, ഹാൾമാർക്കിംഗ് സെന്ററുകളിൽ നിന്നും സ്വർണം പിടിച്ചെടുക്കുന്നു.
എല്ലാ രേഖകളും ഉള്ളവർക്ക് പോലും നൂറു ശതമാനം പിഴ ചുമത്തുന്ന സംഭവങ്ങളുമുണ്ട്. സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നും സംസ്ഥാനത്ത് വ്യാപാര സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.