തിരുവനന്തപുരം: ഏറ്റെടുത്ത ഭൂമിക്കുള്ള പണം സർക്കാർ ഉടമയ്‌ക്ക് നൽകാത്തതിനാൽ കോടതി ജില്ലാ കളക്ടർ അടക്കമുള്ള ഉന്നത സർക്കാർ ജീവനക്കാരുടെ അഞ്ച് വാഹനങ്ങൾ ജപ്‌തിചെയ്‌തു. മൂന്നാം സബ് കോടതി ജഡ്‌ജി ഹരീഷാണ് ഉടമയ്‌ക്ക് തുക ഈടാക്കി കിട്ടുന്നതിനായി ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ,​ ജില്ലാ വികസന കമ്മിഷണർ ഡോ. വിനയ് ഗോയൽ, ​സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി,​ അഡിഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ്,​ ഭൂമി അളവ് വിഭാഗം ഡെപ്യൂട്ടി കളക്ടർ എന്നിവരുടെ കാറുകൾ ജപ്‌തി ചെയ്‌തത്.

കടകംപള്ളി സ്വദേശി കെ. ശശിധരന്റെ 20 സെന്റ് ഭൂമിയാണ് എയർഫോഴ്സിന്റെ വികസനത്തിനായി സർക്കാർ ഏറ്റെടുത്തത്. 30 വർഷം മുമ്പ് തുച്ഛമായ തുകയാണ് സർക്കാർ നൽകിയത്. ഇതിനെതിരെ ശശിധരൻ കോടതിയെ സമീപിക്കുകയും മൂന്നുലക്ഷം രൂപ നൽകാൻ 10 വർഷം മുമ്പ് കോടതി ഉത്തരവാകുകയും ചെയ്‌തു. എന്നാൽ തുക സർക്കാർ നൽകാതെവന്നപ്പോൾ പലിശയടക്കം ഒമ്പതുലക്ഷം രൂപ ആവശ്യപ്പെട്ട് ഹർജിക്കാരൻ നൽകിയ വിധി നടപ്പാക്കിക്കിട്ടൽ ഹർജിയിലാണ് പുതിയ ഉത്തരവ്. ഹർജിക്കാരനുവേണ്ടി കെ. സജീഷ് കുമാർ,​ ബി.എസ്. കിരൺ വിനായക് എന്നിവർ ഹാജരായി.