തിരുവനന്തപുരം: അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരങ്ങൾക്കിടെ നഗരസഭ നികുതിപ്പണം തട്ടിപ്പ് കേസിലെ രണ്ടാംപ്രതി നേമം മേഖലാ ഓഫീസിലെ സൂപ്രണ്ട് ഇന്നലെ രാവിലെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പൂജപ്പുര മുടവൻമുകൾ കേശവദേവ് റോഡിൽ സി.എസ്.ഐ ചർച്ചിന് സമീപം ശാന്തിഭവനിൽ ശാന്തിയാണ് (49) നേമം പൊലീസിന് മുന്നിൽ കീഴടങ്ങിയത്. ഇടതുപക്ഷ സംഘടനയായ കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയന്റെ മുൻ സംസ്ഥാന നേതാവായിരുന്ന ഇവരെ തട്ടിപ്പ് കേസിൽ പ്രതിയായതോടെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. മുൻകൂർ ജാമ്യം സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് ശാന്തി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സി.പി.എം സംരക്ഷിക്കുന്നെന്ന് ആരോപണമുയർന്ന ശാന്തിയുടെ അറസ്റ്റിനായി പ്രതിപക്ഷ പാർട്ടികളുടെ സമരത്തിനിടെയാണ് അപ്രതീക്ഷിത കീഴടങ്ങൽ.
അറസ്റ്റ് വൈകിപ്പിക്കാൻ പൊലീസും സി.പി.എം നേതൃത്വവും ഒത്തുകളിക്കുന്നെന്ന് ആരോപിച്ച് കഴിഞ്ഞദിവസം ബി.ജെ.പി നേമം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. പണം തട്ടിപ്പുമായി ബന്ധപ്പെട്ട് കാഷ്യർ സുനിതയുണ്ടാക്കിയ വ്യാജ രസീതുകളെക്കുറിച്ച് ശാന്തിക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് നേമം സി.ഐ രഗീഷ്‌കുമാർ പറഞ്ഞു. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോയെന്ന കാര്യം ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക സ്രോതസുകളും പരിശോധിച്ച ശേഷമേ ബോദ്ധ്യമാകൂ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിന് വരും ദിവസങ്ങളിൽ പൊലീസ് അപേക്ഷ നൽകും. നേമം സോണൽ ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തി, മറ്റ് ജീവനക്കാരോടൊപ്പം കൂടുതൽ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. ഒന്നാം പ്രതിയായ കാഷ്യർ സുനിതയെ നേമം പൊലീസ് നേരത്തെ അറസ്റ്റുചെയ്‌തിരുന്നു. സുനിതയ്ക്ക് ഇന്നലെ നെയ്യാറ്റിൻകര കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു.
തട്ടിപ്പ് ഇങ്ങനെ
നേമം സോണൽ ഓഫീസിൽ 26.74 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. സോണൽ ഓഫീസുകളിൽ നികുതിയായും അല്ലാതെയും ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കോർപ്പറേഷൻ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം. ഇങ്ങനെ കൊണ്ടുപോയ തുക ബാങ്കിലിടാതെ ഉദ്യോഗസ്ഥർ തട്ടിയെടുക്കുകയായിരുന്നു. 2020 ജനുവരി 24 മുതൽ 2021 ജൂലായ് 14 വരെയുള്ള ഒന്നര വർഷത്തെ ഇടപാടുകളാണ് പരിശോധിച്ചത്. ഇതിൽ 25 ദിവസങ്ങളിൽ ബാങ്കിൽ പണം അടച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.