finance-minister

തിരുവനന്തപുരം: ഇടപാടുകാരെ അനുഭാവപൂർവം സമീപിക്കുന്ന ബാങ്കിംഗ് സംവിധാനമാണ് ഇന്ന് രാജ്യത്തിനാവശ്യമെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. അയ്യങ്കാളി ഹാളിൽ ലീഡ് ബാങ്കായ ഐ.ഒ.ബിയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ബാങ്കുകളും ചേർന്ന് നടത്തിയ ബഹുജനസമ്പർക്കപരിപാടിയും, വായ്പാവിതരണമേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ ചാലകശക്തിയാണ് ബാങ്കുകൾ. രണ്ട് ബാങ്ക് ലയനങ്ങൾ നിമിത്തം നമ്മുടെ എസ്.ബി.ടി അടക്കം പല പ്രമുഖ ബാങ്കുകളും ഇല്ലാതായി. ഉള്ള സേവനങ്ങൾ പലതും ലയനശേഷം ഇല്ലാതാകുന്നുണ്ടോ എന്ന് ബാങ്കുകൾ പരിശോധിക്കണം. ഇ - വാഹനങ്ങൾക്ക് കേരള സർക്കാർ പലിശ സബ്സിഡി നൽകുന്നുണ്ട്. അതിന് ബാങ്കുകളും വായ്പ ലഭ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ ബാങ്കുകൾ ഈ ഉത്സവ സീസണോടനുബന്ധിച്ച് നൽകിയ നിരവധി വായ്പകൾ അദ്ദേഹം വിതരണം ചെയ്തു.

എ.ഡി.എം. മുഹമ്മദ് സഫീർ അദ്ധ്യക്ഷത വഹിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഐ.ഒ.ബി ഡെപ്യൂട്ടി ജനറൽ മാനേജർ വി.എച്ച്. സുരേഷ് സ്വാഗതമാശംസിച്ചു. നബാർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ കെ. രാമലിംഗം, എസ്.ബി.ഐ ജനറൽ മാനേജർ സേതുരാമൻ, കനറാബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ വിദ്യാവെങ്കിടേഷ്, ജില്ലാവ്യവസായകേന്ദ്രം ജനറൽ മാനേജർ ജി. രാജീവ്, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ മാനേജർ സായി സുബ്രമണി, ലീഡ് ഡിസ്ട്രിക്ട് മാനേജർ ജി. ശ്രീനിവാസ പൈ തുടങ്ങിയവർ സംസാരിച്ചു.