ആര്യനാട്: വിതുര ഫയർസ്റ്റേഷന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കണമെന്ന് അഭ്യർത്ഥിച്ച് അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു. നിലവിൽ വിതുര ഫയർസ്റ്റേഷൻ കെട്ടിടം പ്രവർത്തിക്കുന്നത് 2014ൽ ഏർപ്പെടുത്തിയ താത്കാലിക സംവിധാനത്തിലാണ്. വനമേഖലയോട് ചേർന്ന പ്രദേശമെന്ന നിലയിലും, സംസ്ഥാനത്തെ പ്രമുഖ ടൂറിസം കേന്ദ്രം എന്ന നിലയിലും പ്രത്യേക പരിഗണന നൽകി പുതിയ കെട്ടിടവും വാഹനങ്ങളും ആധുനിക ഉപകരണങ്ങളും ലഭ്യമാക്കണമെന്നും സബ്മിഷനിലൂടെ എം.എൽ.എ അഭ്യർത്ഥിച്ചു.
വിതുര, തൊളിക്കോട് വില്ലേജുകളിൽ അനുയോജ്യമായ ഭൂമി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും അവ ഫലപ്രാപ്തിയിൽ എത്തിയിട്ടില്ലെന്നും ഉചിതമായ സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഫയർസ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്ന കാര്യം പരിശോധിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ അറിയിച്ചു.