ശ്രീകാര്യം: ചെമ്പഴന്തിക്കടുത്ത് നിയന്ത്രണംവിട്ട കാർ റോഡുവക്കിലെ പഴം -പച്ചക്കറിക്കടയിലേക്ക് പാഞ്ഞുകയറി കച്ചവടക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെമ്പഴന്തി ഉദയഗിരി പ്ലാവിള വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന പൗഡിക്കോണം സ്വദേശി പരേതനായ പ്രേംകുമാറിന്റെ ഭാര്യ ചന്ദ്രിക (55) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 12നായിരുന്നു അപകടം. ശ്രീകാര്യത്ത് നിന്ന് ചെമ്പഴന്തി ഭാഗത്തേക്ക് വന്ന കാർ ഉദയഗിരിയിലെ റോഡിലെ വളവിൽ നിയന്ത്രണം തെറ്റി കടയ്ക്കുള്ളിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
കടയിൽ ഇരിക്കുകയായിരുന്ന ചന്ദ്രിക കാറിനടിയിൽപെട്ടു. നാട്ടുകാർ കാർ ഉയർത്തിയാണ് ചന്ദ്രികയെ പുറത്തെടുത്തത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ കാറിന്റെ ഒരു വശത്തെ ടയർ പൊട്ടിത്തെറിച്ചു.
ഉദയഗിരി ജംഗ്‌ഷനിൽ റോഡുവക്കിൽ മതിലിനോട് ചേർന്നുള്ള താത്കാലിക ഷെഡിൽ കഴിഞ്ഞ ആറുമാസമായി ചന്ദ്രിക പഴം -പച്ചക്കറി കച്ചവടം നടത്തി വരികയായിരുന്നു. മക്കൾ: അനന്ദു, അപർണ. മരുമകൻ: സജു. ശ്രീകാര്യം പൊലീസ് കേസെടുത്തു. കാർ ഓടിച്ചിരുന്ന ചെമ്പഴന്തി പഴയ പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന മോഹൻകുമാറിനെതിരെ പൊലീസ് കേസെടുത്തു.