തിരുവനന്തപുരം: തൊഴിലില്ലായ്മ വേതനം പ്രത്യുത്പാദനമല്ലെന്ന് പറഞ്ഞത് ഇ.എം.എസ് ആണെന്ന് പ്രതിപക്ഷം. അല്ലെന്ന് ഭരണപക്ഷം. കേരള കർഷകത്തൊഴിലാളി (ഭേദഗതി) ബില്ലിന്റെ ചർച്ചയ്ക്കിടയിൽ കെ. ബാബുവാണ് ചോദ്യം എടുത്തിട്ടത്. അല്ലെന്ന് ഭരണപക്ഷ അംഗം സി.എച്ച്. കുഞ്ഞമ്പു തറപ്പിച്ചു. അതോടെ ഇ.എം.എസും തൊഴിലില്ലായ്മാ വേതനവും നിയമസഭയിൽ ചൂടുള്ള വാദപ്രതിവാദത്തിനിടയാക്കി.
ഇ.എം.എസ് അല്ലെന്ന് സംശയമുണ്ടെങ്കിൽ അന്ന് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന മന്ത്രി എ.കെ. ശശീന്ദ്രൻ പറയട്ടെ എന്നായി ബാബു. ഇ.എം.എസ് അല്ല, കെ. കരുണാകരനാണെന്ന് ശശീന്ദ്രൻ സമർത്ഥിച്ചു. തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയത് എ.കെ. ആന്റണി സർക്കാരാണെന്ന് തിരുവഞ്ചൂർ വാദിച്ചതോടെ ചർച്ചയ്ക്ക് വീണ്ടും ശക്തിയേറി.
ഇടയ്ക്കുവച്ച് സഭയ്ക്ക് പുറത്തുപോയ കെ. ബാബു തിരിച്ചെത്തി പറഞ്ഞു, 'ഞാൻ ഇപ്പോൾ എ.കെ. ആന്റണിയുമായി ഫോണിൽ സംസാരിച്ചു. തന്റെ സർക്കാരാണ് തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയതെന്നാണ് അദ്ദേഹത്തിന്റെ മറുപടി". ആന്റണി നടപ്പിലാക്കിയതുകൊണ്ടാവാം കരുണാകരൻ അങ്ങനെ പറഞ്ഞതെന്നായി ശശീന്ദ്രൻ.