തിരുവനന്തപുരം:ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അല്പശി ഉത്സവത്തിന് കൊടിയേറ്റാനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ക്ഷേത്രം അധികൃതർ ഏറ്റുവാങ്ങി. ജയിൽ മാനുഫാക്ടറി ജോയിന്റ് സൂപ്രണ്ട് സജിയിൽ നിന്ന് ഉത്സവം ക്ലാർക്ക് അനിൽകുമാർ, ജീവനക്കാരായ ദീപു,ഹരി എ.കെ.മേനോൻ,അരവിന്ദ് മുരളി തുടങ്ങിയവരാണ് ഏറ്റുവാങ്ങിയത്. ജയിലിലെ അന്തേവാസികളാണ് ഒരു മാസത്തോളം വ്രതമെടുത്ത് നൂലുകൊണ്ടുള്ള കയർ പിരിച്ചെടുക്കുന്നത്. ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് കൃഷ്ണപ്രസാദ്,വീവിംഗ് ഇൻസ്ട്രക്ടർമാരായ ജോസ് വർഗീസ്,കിഷോർ,മനോജ് .ആർ.കെ തുടങ്ങിയവർ പങ്കെടുത്തു. 27ന് വൈകിട്ട് ഉത്സവത്തിന്റെ താന്ത്രിക ചടങ്ങായ മണ്ണുനീർകോരൽ നടക്കും.നവംബർ രണ്ടിനാണ് കൊടിയേറ്റ്. ഒന്നിന് രാവിലെ ബ്രഹ്മകലശാഭിഷേകം, തിരുവോലക്കം എന്നിവ നടക്കും.